മുംബൈ: ഹിന്ദുമഹാസഭ നേതാവ് വി.ഡി സവർക്കറെ അപമാനിച്ചാൽ മഹാരാഷ്ട്രയിലെ ജനങ്ങൾ സഹിക്കില്ലെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. സവർക്കർ സ്മാരകത്തിൽ നടന്ന ഹിന്ദുത്വ സിമ്പോസിയത്തിൽ രാഹുൽ ഗാന്ധിക്ക് മുന്നറിയിപ്പ് നൽകുകയായിരുന്നു ഷിൻഡെ. സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷുകാർ സവർക്കറെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ആൻഡമാനിലേക്ക് അയക്കുകയും ചെയ്തു. ഇത്തരം രാജ്യസ്നേഹികൾ രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിനായി തങ്ങളുടെ ജീവനും കുടുംബവും ത്യജിച്ചെന്നും ഷിൻഡെ പറഞ്ഞു.
ഭാരത് ജോഡോ യാത്രക്കിടെ മഹാരാഷ്ട്രയിലെ വാഷിമിൽ സവർക്കർ ബി.ജെ.പിയുടെയും ആർ.എസ്.എസിൻ്റെയും പ്രതീകമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. “സവർക്കർ ആൻഡമാനിൽ രണ്ട് മൂന്ന് വർഷം ജയിലിലായിരുന്നു. അദ്ദേഹം ദയാഹരജികൾ എഴുതാൻ തുടങ്ങി. അദ്ദേഹം ബ്രിട്ടീഷുകാരിൽ നിന്ന് പെൻഷൻ വാങ്ങുകയും അവർക്ക് വേണ്ടി പ്രവർത്തിക്കുകയും കോൺഗ്രസിനെതിരെ പ്രവർത്തിക്കുകയും ചെയ്തുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിക്കാമെന്നാണ് രാഹുൽ ഗാന്ധി കരുതുന്നതെന്നും എന്നാൽ അധികാരത്തിനായി ദേശീയതയുടെ കാര്യത്തിൽ പ്രധാനമന്ത്രി ഒരിക്കലും വിട്ടുവീഴ്ച ചെയ്യാറില്ലെന്നും ഏക്നാഥ് ഷിൻഡെ പറഞ്ഞു. ഹിന്ദുത്വ എന്നാൽ ദേശീയതയാണെന്ന് സവർക്കർ പറഞ്ഞെന്നും ബാൽ താക്കറെ തൻ്റെ പ്രവർത്തനങ്ങളിലൂടെ രാജ്യത്തിനും മഹാരാഷ്ട്രയ്ക്കും ഇത് കാണിച്ചുകൊടുത്തെന്നും ഷിൻഡെ വിശദീകരിച്ചു. ഇരുവരും ഹിന്ദുഹൃദയ സമ്രാട്ട് എന്ന് വിശേഷിപ്പിക്കപ്പെടുന്നത് അതുകൊണ്ടാണെന്നും ഷിൻഡെ പറഞ്ഞു.
അതേസമയം രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ വി ഡി സവർക്കറുടെ ഫോട്ടോയും ബാനറുകളും ഉപയോഗിച്ചാണ് കോൺഗ്രസ് പ്രചാരണം നടത്തിയത്. മഹാനായ സ്വാതന്ത്ര്യ സമര സേനാനി എന്ന നിലയിലാണ് കോൺഗ്രസ് സവർക്കറെ ഭാരത് ജോഡിയോയിലൂടെ മഹത്വ വൽക്കരിച്ചത്.