ബംഗളൂരു: പാവയ്ക്കുളളിൽ എംഡിഎംഎ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യുവമോർച്ച നേതാവ് അറസ്റ്റിൽ. യുവമോർച്ച ഇരിങ്ങാലക്കുട മുൻമണ്ഡലം പ്രസിഡന്റ് എസ് പവീഷും സംഘവുമാണ് ബംഗളൂരുവിൽ പിടിയിലായത്. ബംഗളൂരുവിലെ വൈറ്റ് ഫീൽഡിലെ ഫ്ലാറ്റിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. 88 ഗ്രാം എംഡിഎംഎ ഗുളികകളാണു പാവയ്ക്കുള്ളിൽ ഒളിപ്പിച്ചിരുന്നത്. എംഡിഎംഎ ഗുളികകൾ നിറച്ച പാവ കൊറിയർ വഴി കേരളത്തിലേക്ക് കടത്താനിരിക്കെ സ്കാനർ ഉപയോഗിച്ചുളള പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. ഇരിങ്ങാലക്കുട യുവമോർച്ചയുടെ പ്രധാന നേതാക്കളിലൊരാളാണ് എസ് പവീഷ്. പവീഷിനെ കൂടാതെ മലപ്പുറം സ്വദേശിയായ അഭിജിത്ത്, മറ്റ് രണ്ടു പേരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബംഗളൂരുവിലെ മലയാളി വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് പവീഷ് ലഹരിമരുന്ന് വിൽപന നടത്താറുണ്ടായിരുന്നുവെന്ന് സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ പറഞ്ഞു. ബംഗളൂർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.