വേദനകൾ മാത്രമാണ് 2022 നടൻ മഹേഷ് ബാബുവിന് സമ്മാനിച്ചത്. ചേട്ടൻ, അമ്മ ഇപ്പോൾ അച്ഛനെയും നഷ്ടപ്പെട്ട വേദനയിലൂടെയാണ് താരം കടന്നു പോകുന്നത്. മൂവരെയും മാസങ്ങളുടെ വ്യത്യാസത്തിലാണ് മഹേഷ് ബാബുവിന് നഷ്ടപ്പെട്ടത്. പിതാവ് കൃഷ്ണയാണ് ഒടുവിലായി ലോകത്തോട് വിടപറഞ്ഞത്. 2022 ജനുവരി 10നാണ് മഹേഷ് ബാബുവിൻ്റെ മൂത്തസഹോദരനായ രമേഷ് ബാബു അന്തരിച്ചത്. സെപ്റ്റംബർ 28ന് അമ്മ ഇന്ദിരയും മരണപ്പെട്ടു.
രണ്ടു മാസങ്ങൾക്കിപ്പുറമാണ് പിതാവ് കൃഷ്ണയും മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയാണ് മഹേഷ് ബാബുവിൻ്റെ പിതാവും മുതിർന്ന നടനുമായ കൃഷ്ണ (ഘട്ടമനേനി ശിവരാമ കൃഷ്ണ മൂർത്തി) അന്തരിച്ചത്. 79 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെയാണ് അദ്ദേഹത്തെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഗുഡാചാരി 116, മാഞ്ചി കുടുംബം, ലക്ഷ്മി നിവാസം, വിചിത്ര കുടുംബം, ദേവദാസ്, ഭലേ കൃഷ്ണുഡു, ഗുരു ശിഷ്യുലു തുടങ്ങിയ ചിത്രങ്ങൾ കൃഷ്ണയുടെ കരിയറിലെ വലിയ ഹിറ്റുകളാണ്. സംവിധായകൻ, നിർമാതാവ് എന്നീ നിലകളിലും ശ്രദ്ധ നേടി. 2009ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. ഇടക്കാലത്ത് രാഷ്ട്രീയത്തിലും കൃഷ്ണ സജീവമായിരുന്നു. രണ്ട് ഭാര്യമാണ് കൃഷ്ണയ്ക്ക്. ആദ്യ ഭാര്യ ഇന്ദിര ദേവിയാണ്. രമേഷ് ബാബു, മഹേഷ് ബാബു, പത്മാവതി, മഞ്ജുള, പ്രിയദർശിനി എന്നിങ്ങനെ അഞ്ചു മക്കളാണ് കൃഷ്ണ- ഇന്ദിര ദമ്പതികൾക്ക്. നടിയും നിർമാതാവുമായ വിജയ നിർമലയാണ് കൃഷ്ണയുടെ രണ്ടാമത്തെ ഭാര്യ. ഇവർ 2019ൽ മരണപ്പെട്ടിരുന്നു.