കണ്ണൂർ: ബിജെപി ആർഎസ്എസ് നേതാക്കളുടെ നിത്യ സന്ദർശകനാണ് കെ സുധാകരനെന്ന് ഇ പി ജയരാജൻ. അമിത്ഷായെ കാണാൻ സുധാകരൻ ചെന്നൈയിൽ എത്തിയെന്നും, കോൺഗ്രസിലെ ചില നേതാക്കൾ ഇതറിഞ്ഞ് ചെന്നൈയിൽ നിന്ന് തിരിച്ചയക്കുകയുമാണുണ്ടായതെന്നും ജയരാജൻ ആരോപിച്ചു. എന്നെ വെടിവെക്കാൻ ആർ.എസ്.എസ്സുകാരായ വിക്രംചാലിൽ ശശി, ദിനേശൻ എന്നീ ക്രിമിനലുകളെയാണ് സുധാകരൻ ഏർപ്പാടാക്കിയത്. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു ജയരാജൻ്റെ വിമർശനം.
ഫേസ്ബുക്ക് പോസ്റ്റ്
സുധാകരന് നാക്ക് പിഴ അല്ല ബുദ്ധി പിഴയാണ് എന്ന് ഓരോ പ്രസ്താവനകളിലൂടെയും വ്യക്തമാവുകയാണ്. സുധാകരൻ ആർ.എസ്.എസ്സുമായി ഏറ്റവും അടുത്ത ബന്ധമുള്ള ഒരു കോൺഗ്രസ് നേതാവാണ്. ആർ.എസ്.എസ്സിൻ്റെ താൽപര്യങ്ങൾ കോൺഗ്രസിലൂടെ നടപ്പാക്കി കൊടുക്കുക, ആർ.എസ്.എസ്സിനെ ശക്തിപ്പെടുത്തുന്നതിനാവശ്യമായ കാര്യങ്ങളിലൂടെ കോൺഗ്രസിനെ നയിക്കുക എന്നതാണ് സുധാകരകൻ ചെയ്യുന്നത്.
എന്നെ വെടിവെക്കാൻ ആർ.എസ്.എസ്സുകാരായ വിക്രംചാലിൽ ശശി, ദിനേശൻ എന്നീ ക്രിമിനലുകളെയാണ് സുധാകരൻ ഏർപ്പാടാക്കിയത്. പിന്നീട് ശശി ശിവസേനയുടെ സ്ഥാനാർത്ഥിയായി തലശ്ശേരിയിൽ രംഗത്ത് വന്നത് നമ്മൾ കണ്ടു. കോൺഗ്രസ് ഡിസിസി പ്രസിഡന്റായി സുധാകരൻ പ്രവർത്തിക്കുമ്പോഴാണ് കണ്ണൂരിലെ കോൺഗ്രസ് ഓഫീസിൽ ബോംബ് നിർമ്മാണം നടത്തുന്നത്. നിർമ്മിച്ച ബോംബുകളും ഗുണനിലവാരവും കോൺഗ്രസ് ഡിസിസി ഓഫീസിൽ ബോംബ് നിർമ്മിക്കുന്നവൻ്റെ പടവും, കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകളുമെല്ലാം ഇന്ത്യ റ്റുടെ പത്രം പ്രസിദ്ധീകരിച്ചത് എല്ലാവരും ഓർക്കുന്നുണ്ടാവും.
ബി.ജെ.പി, ആർ.എസ്.എസ് നേതാക്കളുടെ നിത്യ സന്ദർശകനാണ് സുധാകരൻ. ഒരിക്കൽ അമിത്ഷായെ കാണാൻ സുധാകരൻ ചെന്നൈയിൽ എത്തി, ഇത് കോൺഗ്രസിലെ ചില നേതാക്കൾ മണത്തറിയുകയും സുധാകരനെ ചെന്നൈയിൽ നിന്ന് തിരിച്ചയക്കുകയുമാണുണ്ടായത്. താൻ ഉദ്ധേശിക്കുന്ന കാര്യങ്ങൾ കോൺഗ്രസിന് അകത്ത് നിന്ന് നടപ്പാക്കാൻ സുധാകരൻ നടത്തിക്കൊണ്ടിരിക്കുന്ന കാര്യങ്ങൾ എല്ലാവർക്കും അറിയാം. മേനി പറഞ്ഞ് താൻ വീരശൂരപരാക്രമിയാണ് എന്ന് ധരിപ്പിച്ച് ക്രിമിനൽ രാഷ്ട്രീയത്തെ ഉപയോഗപ്പെടുത്തുകയാണ് സുധാകരൻ ചെയ്തുവന്നിട്ടുള്ളത്.
നാൽപ്പാടി വാസുവിനെ വെടിവെച്ചുകൊന്ന കേസിൽ ഒളിവിൽ പോയ സുധാകരനെ ഒളിവിൽ പാർപ്പിച്ചതും സഹായങ്ങൾ ചെയ്തതും ആർ.എസ്എസ്സുകാരായിരുന്നു. കോൺഗ്രസ് പ്രവർത്തകരെക്കാളും ആർ.എസ്എസ്സിനെ വിശ്വസിക്കുകയും കോൺഗ്രസിനെ തന്നെ ആർഎസ്എസ് ആക്കാനും നല്ല ശ്രമങ്ങളാണ് സുധാകരൻ നടത്തിക്കൊണ്ടിരിക്കുന്നത്. തൻ്റെ വൃത്തികെട്ട രാഷ്ട്രീയത്തിന് മറയാക്കാൻ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനെ പോലും ഉപയോഗിക്കുന്നു. കെ. സുരേന്ദ്രൻ പറഞ്ഞതനുസരിച്ച് സുധാകരനെ നന്നായിട്ട് അറിയുന്നത് സുരേന്ദ്രനാണ്. സുധാകരൻ്റെ മനസ്സ് ആർ.എസ്എസ് മനസ്സാണ് എന്ന് സുരേന്ദ്രന് അറിയാവുന്ന പോലെ മറ്റാർക്കും അറിയില്ല. ആർ.എസ്.എസ്സുമായുളള തൻ്റെ പഴയ ബന്ധങ്ങളും പുതിയ ബന്ധങ്ങളും വെളിപ്പെടുത്തി സംഘപരിവാറിൻ്റെ പ്രശംസക്കായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് സുധാകരൻ.ഇപ്പോൾ സുധാകരൻ നടത്തിക്കൊണ്ടിരിക്കുന്ന ഒരോ പ്രസ്താവനകളിലൂടെയും പിഴവ് നാക്കിനല്ല ബുദ്ധിക്കാണ് എന്ന് വെളിപ്പെടുകയാണ്.
യുഡിഎഫ് മുന്നണിയിലുള്ള മുസ്ലിം ലീഗ് നിഷ്ക്രിയമാവുകയാണ്. മുസ്ലിം ലീഗിൻ്റെ നേതാക്കൾ ചിന്തിക്കേണ്ട കാര്യം നിങ്ങളുടെ ഈ നിഷ്ക്രിയത്വം ആർക്കാണ് ഗുണം ചെയ്യുക എന്നാണ്. മതനിരപേക്ഷതയെ കാത്തുസൂക്ഷിക്കാൻ, ശക്തിപ്പെടുത്താൻ, ആർ.എസ്.എസ് സംഘപരിവാർ ശക്തികൾക്കെതിരെ ജനങ്ങൾ ആകെ അണിനിരക്കുന്ന കാഴ്ചയാണ് കാണുന്നത്. അതിനാൽ കേരളത്തിൻ്റെ രാഷ്ട്രീയ സാഹചര്യത്തിൽ ആർഎസ്എസ് ആലയിൽ കുരുങ്ങിയ യുഡിഎഫിന് ഒരു തിരിച്ചുവരവ് ഇല്ല എന്ന് മനസ്സിലാക്കുന്നത് ഉചിതമാണ്. ആർഎസ്എസ്, ബിജെപി കൗശലമാണ് സുധാകരനിലൂടെ നടപ്പാക്കുന്നത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ ഒരോ ദിവസവും തകരുന്ന കോണ്ഡഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ചാടുന്ന നേതാക്കളുടെ പട്ടികയിലേക്ക് താമസംദിനാ സുധാകരനും എത്തും.