ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പരിഹാസവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. ഗവർണർ ആകാൻ സ്ഥിരബുദ്ധി വേണമെന്ന് ഭരണഘടനയിലില്ലെന്ന് എം സ്വരാജ്. 35 വയസ് കഴിഞ്ഞ ആർക്കും ഗവർണറാകാം. ഗവർണർക്കെതിരെ എൽഡിഎഫ് കോഴിക്കോട് മുതലക്കുളത്ത് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എംഎൽഎ, എംപി സ്ഥാനങ്ങളിലിരിക്കുന്നവർക്ക് സ്ഥിരബുദ്ധി വേണമെന്ന് ഭരണഘടനയിലുണ്ട്. എന്നാൽ ഗവർണറാകാൻ സ്ഥിരബുദ്ധി വേണമെന്ന് ഭരണഘടനയിൽ പറഞ്ഞിട്ടില്ല. 35 വയസ് കഴിഞ്ഞ ഏത് ആരിഫ് മുഹമ്മദ് ഖാനും ഗവർണറാകാം. ആർ എസ്എസ് എഴുതി നൽകുന്നതാണ് ഗവർണർ നടപ്പിലാക്കുന്നത്.’ എന്ന് എം സ്വരാജ്.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ജീവനുള്ള ഒരു മഞ്ഞപത്രമായി സ്വയം മാറിയെന്നും കഴിഞ്ഞ ദിവസം സ്വരാജ് പറഞ്ഞിരുന്നു. ഗവർണർ സ്വയം വാശിയോടെ അപഹാസ്യനാവുകയാണ്. ആർഎസ്എസ് അടിമവേലക്കാരനായി മാറാൻ മടിയില്ലാത്തയാളായി ഗവർണർ മാറിയെന്നും എം സ്വരാജ് പറഞ്ഞു.