തിരുവനന്തപുരം: എകെജി സെൻ്റർ ആക്രമണക്കേസിൽ ഒന്നാം പ്രതിക്ക് സ്കൂട്ടറും സ്ഫോടകവസ്തുവും എത്തിച്ചു നൽകിയ നാലാം പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷൻ. നാലാം പ്രതിയും കോൺഗ്രസ് വനിതാ നേതാവുമായ നവ്യയെ ചോദ്യം ചെയ്താൽ കേസിൽ നിർണായക വഴിത്തിരിവുണ്ടാകുമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. നവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി കേസ് ഡയറി ഹാജരാക്കാൻ നിർദേശം നൽകി. കേസിനാസ്പദമായ വാഹനവും സ്ഫോടകവസ്തുവും ജിതിന് കൈമാറിയത് നവ്യയാണ്. ആക്രമണത്തിന് ശേഷം തിരികെയെത്തി സ്കൂട്ടർ കൊണ്ടുപോയതും ഇവരാണ്. വൻ പ്രഹരശേഷിയുള്ള സ്ഫോടകവസ്തുവാണ് പ്രതികൾ ആക്രമണത്തിന് ഉപയോഗിച്ചതെന്നും പ്രോസക്യൂഷൻ കോടതിയെ അറിയിച്ചു.
കേസിൽ നവ്യയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു. വ്യക്തതയില്ലാത്ത ക്യാമറ ദൃശ്യങ്ങൾ മാത്രമാണ് കിട്ടിയിട്ടുള്ളതെന്നും നവ്യ ഉപയോഗിക്കുന്ന സ്കൂട്ടർ മറ്റൊന്നാണെന്നും രാത്രി പത്ത് വരെ ലുലു മാളിലെ ജോലി സ്ഥലത്തായിരുന്നു ഇവരെന്നും പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഡ്വ. മൃദുൽ ജോൺ വാദിച്ചു. എന്നാൽ നവ്യയുടെ സിസിടിവി ദൃശ്യങ്ങൾ ഒരുമിച്ച് ജോലി ചെയ്യുന്നവർ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വ്യക്തതയില്ലെന്നത് തെറ്റാണെന്നും പ്രോസിക്യൂഷന് വേണ്ടി ഹാജരായ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ഹരീഷ്കുമാർ വാദിച്ചു. തുടർന്നാണ് കേസ് ഡയറി ഹാജരാക്കാൻ ജഡ്ജി പ്രസൂൺ മോഹൻ നിർദേശിച്ചത്. 17ന് കേസ് വീണ്ടും പരിഗണിക്കും.
പ്രതികള്‍ സുധാകരൻ്റെ ‘കുട്ടികള്‍’ തന്നെ; ആക്രമണം ഉന്നതരുടെ അറിവോടെയാണെന്ന് സംശയം ബലപ്പെടുന്നു