അഹമ്മദാബാദ്: തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കിടെ ഗുജറാത്തിൽ ബിജെപിക്ക് പിന്നാലെ കോൺഗ്രസിലും വിമതശല്യം രൂക്ഷമാകുന്നു. തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കിയുള്ളപ്പോൾ വലിയ പ്രതിഷേധമാണ് സംസ്ഥാന നേതൃത്വത്തിനെതിരെ വിമതർ ഉയർത്തുന്നത്. സിറ്റിയിലെ ജമാൽപൂർ ഖാദിയ സീറ്റിൽ സിറ്റിംഗ് എംഎൽഎ ഇമ്രാൻ ഖേദാവാലയ്ക്ക് ടിക്കറ്റ് നൽകാനുള്ള തീരുമാനത്തിനെതിരെയാണ് പ്രവർത്തരുടെ പ്രതിഷേധം.
അഹമ്മദാബാദിലെ പാർട്ടി ആസ്ഥാനത്ത് നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ അതിക്രമിച്ച് കയറി മുതിർന്ന നേതാവ് ഭരത്സിങ് സോളങ്കിയുടെ പോസ്റ്ററുകൾ കത്തിക്കുകയും നെയിംപ്ലേറ്റിന് കേടുപാടുകൾ വരുത്തുകയും ചെയ്തു. കൂടാതെ, പാർട്ടി ആസ്ഥാന കെട്ടിടത്തിൻ്റെ ചുവരുകളിൽ സ്പ്രേ പെയിന്റ് ഉപയോഗിച്ച് സോളങ്കിയെക്കുറിച്ചുള്ള അപകീർത്തികരമായ വാക്കുകൾ എഴുതുകയും ചെയ്തു. ബിജെപിയെ വിജയിപ്പിക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നാണ് പ്രതിശേധക്കാരുടെ ആരോപണം.