ഗാസിയാബാദ്: ഭർത്താവിനെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. നാല് വർഷങ്ങൾക്ക് മുമ്പ് ചന്ദ്രവീറിനെ ഭാര്യ സവിത, കാമുകൻ അരുൺ എന്നിവർ ചേർന്ന് കൊലപ്പെടുത്തിയത്. സംഭവത്തിൽ ഇരുവരും അറസ്റ്റിലായി. 2018ൽ നടന്ന സംഭവത്തിൻ്റെ കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിക്കുന്നത് ഈയടുത്താണ്. ഇതോടെയാണ് സംഭവത്തിൻ്റെ ചുരുളഴിഞ്ഞതെന്ന് പൊലീസ് സൂപ്രണ്ട് ദിക്ഷ ശർമ പറഞ്ഞു.
ചന്ദ്രവീറിനെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം കുഴിച്ച് മൂടിയത് അരുണിൻ്റെ വീടിനുള്ളിലാണ്. സവിതയും അരുണും ചേർന്ന് ചന്ദ്രവീറിനെ വെടിവച്ചും വെട്ടിപരുക്കേൽപ്പിച്ചുമാണ് കൊലപ്പെടുത്തിയത്. ചന്ദ്രവീറിനെ കാണാനില്ലന്ന് പറഞ്ഞ് പൊലീസിൽ ഭാര്യ സവിത പരാതി നൽകിയിരുന്നു. കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം ചന്ദ്രവീറിൻ്റെ ഇളയ സഹോദരൻ്റെ മേൽ ചുമത്താനുള്ള ശ്രമവും നടത്തി. കൊലപാതകം പുറത്ത് അറിയാതിരിക്കാനായി മൃതദേഹം സവിതയും അരുണും ചേർന്ന് ആഴത്തിൽ കുഴിച്ചിട്ട ശേഷം സിമന്റിട്ട് മൂടി. ഏകദേശം ഏഴടിയോളം ആഴത്തിലാണ് മൃതദേഹം കുഴിച്ചിട്ടത്. അരുൺ ഈ വീട്ടിൽ തന്നെയാണ് താമസിച്ചിരുന്നത്.അരുൺ താമസിക്കുന്ന വീടിൻ്റെ തറയിൽ നിന്നും ചന്ദ്രവീറിൻ്റെ അഴുകിയ ശരീരഭാഗങ്ങളും അസ്ഥികൂടവും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച തോക്കും കോടാലിയും വീണ്ടെടുത്തു.