കെപിസിസി പ്രസിഡന്റ് കെ സുധാകരൻ്റെ പ്രസ്താവനകൾ ഗൗരവതരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മതേതര നിലപാടിൽ വെള്ളം ചേർക്കില്ലെന്നും തുടർച്ചയായ പ്രസ്താവനകളിൽ അന്വേഷണം നടത്തുമെന്നും വി ഡി സതീശൻ പറഞ്ഞു. വിഷയത്തിൽ പാർട്ടിയിലെ പ്രധാനപ്പെട്ട നേതാക്കളുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. കെ സുധാകരനോട് സംസാരിച്ചിട്ടുണ്ട്. പാർട്ടി ഗൗരവതരമായി തന്നെ ചർച്ച ചെയ്തെന്നും വി ഡി സതീശൻ തിരുവനന്തപുരത്ത് പറഞ്ഞു.
‘താൻ അതല്ല ഉദ്ദേശിച്ചത്, വാക്കു പിഴയാണെന്ന് കെപിസിസി പ്രസിഡന്റ് ഇതിനകം വിശദീകരണം നൽകിയിട്ടുണ്ട്. തുടർച്ചയായി ഇത്തരം പരാമർശങ്ങൾ ഉണ്ടാവുന്നുവെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. യുഡിഎഫിലെ ഘടകകക്ഷികളുമായും ഇക്കാര്യങ്ങൾ ചർച്ചചെയ്യാറുണ്ട്. യുഡിഎഫിലേക്ക് ചർച്ച പോകുന്നതിന് മുമ്പ് എല്ലാവരേയും കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമം നടത്തും.’ വി ഡി സതീശൻ കൂട്ടിച്ചേർത്തു.
അതേസമയം ഘടകകക്ഷിയായ മുസ്ലിം ലീഗ് സുധാകരനെതിരെ നടപടിയെടുക്കണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. സുധാകരൻ്റെ ആർഎസ്എസ് അനുകൂല പ്രസ്താവനകളിൽ ഹൈക്കമാന്റിനും അതൃപ്തിയുണ്ട്.
സുധാകരനും മറ്റു ചില കോൺഗ്രസ് നേതാക്കളും ബിജെപിക്കൊപ്പം; കെ സുരേന്ദ്രൻ