ഗവർണർക്കെതിരെ ഉന്നത വിദ്യഭ്യാസസമിതി സംഘടിപ്പിക്കുന്ന രാജ്ഭവൻ മാർച്ചിന് തടസ്സമില്ലെന്ന് ഹൈക്കോടതി. മാർച്ചിനെതിരായി ഹർജി നൽകിയ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനെ കോടതി വിമർശിച്ചു. മാർച്ച് ഒഴിവാക്കാൻ തങ്ങൾക്ക് പറയാനാവില്ലെന്നും കോടതി പറഞ്ഞു.
തൊഴിലുറപ്പ് തൊഴിലാളികളെയും സര്‍ക്കാര്‍ ജീവനക്കാരേയും മാര്‍ച്ചില്‍ പങ്കെടുപ്പിക്കുന്നു. സർക്കാർ ജീവനക്കാർ മാർച്ചിൽ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്നും അതുകൊണ്ട് മാർച്ച് തടയണമെന്നും സുരേന്ദ്രൻ വാദിച്ചു. എന്നാൽ രാജ്ഭവൻ മാർച്ചിൽ സർക്കാർ ജീവനക്കാർ പങ്കെടുക്കണമെന്ന ഉത്തരവ് എവിടെയെന്ന് കോടതി ചോദിച്ചു. മാർച്ചിൽ സർക്കാർ ജീവനക്കാരെ നിർബന്ധിച്ച് പങ്കെടുപ്പിക്കുന്നതിന് തെളിവില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഹർജി തീർപ്പാക്കി.
ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക, കേരളത്തിനെതിരായ കേന്ദ്ര നീക്കം ചെറുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയാണ് രാജ്ഭവൻ മാർച്ച്. ഗവർണർക്കെതിരായ പ്രതിഷേധ സമരത്തിന് ഡിഎംകെയും പിന്തുണ നൽകി. ഡിഎംകെ രാജ്യസഭാ നേതാവ് തിരുച്ചി ശിവ സമരത്തിൽ പങ്കെടുക്കും.
സർവകലാശാലകളിലെ ഗവർണറുടെ അനധികൃത ഇടപെടലിൻ്റെയും സംസ്ഥാന സർക്കാരിനെതിരായ നീക്കങ്ങളുടെയും പശ്ചാത്തലത്തിലാണ് പ്രതിഷേധം.
ഗവർണർക്കെതിരെ പ്രതിഷേധം അലയടിക്കുന്നു; രാജ്ഭവന് ചുറ്റും ഒരു ലക്ഷം പേർ അണിനിരക്കും