കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഷോൺ ജോർജിന് ക്രൈംബ്രാഞ്ച് നോട്ടീസ്. കേസുമായി ബന്ധപ്പെട്ട് അപകീർത്തികരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചു എന്ന കേസിലാണ് ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. നാളെ ഉച്ചയ്ക്ക് കോട്ടയം ക്രൈംബ്രാഞ്ച് ഓഫിസിലെത്തണമെന്ന് കാട്ടിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
നേരത്തേ, കേസുമായി ബന്ധപ്പെട്ട് ഷോൺ ജോർജിൻ്റെ വസതിയിൽ റെയ്ഡ് നടത്തിയ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം, ഷോണിൻ്റെ മൊബൈൽ ഫോൺ ഉൾപ്പെടെ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. സോഷ്യൽ മീഡിയ വഴി തനിക്ക് ലഭിച്ച ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ ദിലീപിന് അയച്ചുനൽകിയെന്ന് ഷോൺ ജോർജ് സമ്മതിച്ചിരുന്നു.
ഷോൺ ജോർജ് ദിലീപിൻ്റെ സഹോദരൻ അനൂപിന് അയച്ച ചില സന്ദേശങ്ങളാണ് കേസിന് ആധാരം. അതിജീവിതയെ പിന്തുണച്ചവരെ അധിക്ഷേപിക്കുന്നതിനു വാട്സാപ് ഗ്രൂപ്പുണ്ടാക്കുകയും അതിലെ ചില സ്ക്രീൻ ഷോട്ടുകൾ പ്രചരിപ്പിച്ചെന്നും അന്വേഷണ സംഘം പറയുന്നു.