കെപിസിസി പ്രസിഡന്റ് കെ സുധാകരൻ്റെ മനസ് ബിജെപിക്ക് ഒപ്പമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കെ സുധാകരൻ്റെ അഭിപ്രായം മറ്റു നേതാക്കൾക്ക് ഉണ്ട്. കെപിസിസി പ്രസിഡന്റിനെ ക്ഷണിക്കുന്നില്ല. പക്ഷേ അവർ അരക്ഷിതർ ആണ്. കെ. സുധാകരനെ ചാരി ലീഗ് ഇടതുമുന്നണിയിലേക്ക് പോകാൻ ശ്രമിക്കുന്നുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിൽ ഓഫറുകൾ ഒന്നും നൽകാൻ ഇല്ലാത്തത് കൊണ്ടാണ് കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് വരാത്തത്. പദവികൾ നൽകാൻ കഴിയുമായിരുന്നെങ്കിൽ സ്ഥിതി മറിച്ചായേനെ. ലീഗ് കോൺഗ്രസിൻ്റെ ആഭ്യന്തര കാര്യത്തിൽ എന്തിനാണ് അഭിപ്രായം പറയുന്നത്. ലീഗ് ആണോ കോൺഗ്രസിൻ്റെ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും കെ സുരേന്ദ്രൻ ചോദിച്ചു.
ആർഎസ്എസ് ശാഖകൾക്ക് താൻ സംരക്ഷണം നൽകിയിട്ടുണ്ടെന്നും ജവാഹർലാൽ നെഹ്റു വർഗീയതയോട് സന്ധിചെയ്തെന്നും കെ സുധാകരൻ നേരത്തെ പറഞ്ഞിരുന്നു.
എടക്കാട്, തോട്ടട, കിഴുന്ന മേഖലയിൽ ആർഎസ്എസ് ശാഖ തകർക്കാൻ സിപിഎം ശ്രമിച്ചിരുന്നു. ആ സമയത്ത് കോൺഗ്രസ് ശാഖക്ക് ആളെ അയച്ച് സംരക്ഷണം നല്‍കിയിട്ടുണ്ടെന്നായിരുന്നു സുധാകരൻ്റെ വിവാദ പ്രസ്താവനക്കെതിരെ മുന്നണിയിൽ പ്രതിഷേധം ശക്തമാണ്.
വർഗീയ ഫാസിസ്റ്റുകളുമായി സന്ധി ചെയ്യാൻ മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ ജവഹർ ലാൽ നെഹ്റു സൻമനസ് കാണിച്ചു. ആർഎസ്എസ് നേതാവ് ശ്യാമ പ്രസാദ് മുഖർജിയെ ആദ്യ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത് അതിൻ്റെ ഭാഗമാണെന്ന സുധാകരൻ്റെ പ്രസ്താവനക്കെതിരെ സിപിഎമ്മും രംഗത്ത് വന്നിരുന്നു. എന്നാൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കിയില്ല.