കെപിസിസി പ്രസിഡന്റ് കെ സുധാകരൻ്റെ ആർഎസ്എസ് അനുകൂല പ്രസ്താവനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ജില്ലാ നേതാവ് രാജിവെച്ചു. ആലപ്പുഴ ഡിസിസി എക്സിക്യൂട്ടീവ് അംഗം എച്ച് നജീമാണ് പാർട്ടി വിട്ടത്. ആലപ്പുഴ ജില്ലയിൽ കോൺഗ്രസിൻ്റെ ജില്ലാ കമ്മിറ്റി പോലും പ്രവർത്തന രഹിതമാണെന്നും എച്ച് നജീം ഫേസ്ബുക്കിൽ കുറിച്ചു.
”ഞാൻ 20 വർഷമായിട്ട് ആലപ്പുഴ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് അംഗമാണ്. ഞാൻ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവക്കുന്നു. കെ.സുധാകരനെപ്പോലെ ഒരാൾ നയിക്കുന്ന കേരളത്തിലെ പാർട്ടിയിൽ പ്രവർത്തിക്കുവാൻ എനിക്ക് അനല്പമായ ബുദ്ധിമുട്ടുകളുണ്ട്. ഇതെന്താ, Fb യിൽ പറയുന്നത്? നേരിട്ട് DCC ക്ക് അല്ലേ രാജി സമർപ്പിക്കേണ്ടത്? എന്നൊന്നും ചോദിക്കരുത്. ആലപ്പുഴ ജില്ലയിൽ DCC യുമില്ല മറ്റ് പ്രാദേശിക കമ്മിറ്റികളുമില്ല” എന്ന് നജീം വ്യക്തമാക്കി.
ആർഎസ്എസ് ശാഖകൾക്ക് താൻ സംരക്ഷണം നൽകിയിട്ടുണ്ടെന്നും ജവാഹർലാൽ നെഹ്റു വർഗീയതയോട് സന്ധിചെയ്തെന്നും കെ സുധാകരൻ പറഞ്ഞതിന് പിന്നാലെയാണ് നജീം പാർട്ടി വിട്ടത്.
കെപിസിസി പ്രസിഡന്റിൻ്റെ സംഘപരിവാർ പ്രീണനത്തിൽ പ്രതിഷേധിച്ച് ആത്മാഭിമാനമുള്ള ഒരു കോൺഗ്രസുകാരൻ രാജിവച്ചെന്ന് നിലമ്പൂർ എംഎൽഎ പി വി അൻവർ ഫേസ്ബുക്കിൽ കുറിച്ചു.
മുൻ കെപിസിസി വൈസ്പ്രസിഡന്റ് പാർട്ടി വിടുന്നു; സിപിഎമ്മിൽ ചേരും