തിരുവനന്തപുരം: മഹിളാ കോൺഗ്രസ് നേതാവും എംപിയുമായ ജെബി മേത്തർക്കെതിരെ മേയർ ആര്യാ രാജേന്ദ്രൻ മാനനഷ്ട കേസ് കൊടുത്തു. നഗരസഭയിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധ സമരത്തിനിടെ മാധ്യമങ്ങളിലൂടെ ജെബി മേത്തർ എം.പി നടത്തിയ അപകീർത്തികരമായ പരാമർശത്തിനെതിരെയാണ് നോട്ടീസ്. നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനകം രേഖാമൂലവും മാധ്യമങ്ങളിലൂടെയും പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യം. ഇല്ലാത്ത പക്ഷം സിവിലായും ക്രിമിനലായും നിയമ നടപടി സ്വീകരിക്കുമെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു. മുതിർന്ന അഭിഭാഷകൻ അഡ്വ. മുരുക്കുമ്പുഴ ആർ വിജയകുമാരൻ നായർ മുഖേനയാണ് നോട്ടീസ് അയച്ചത്.
പോസ്റ്റർ എഴുതി ഒട്ടിച്ച പെട്ടിയുമായാണ് ജെബി മേത്തർ തിരുവനന്തപുരം നഗരസഭയിലെ മഹിളാ കോൺഗ്രസ് പ്രതിഷേധത്തിന് എത്തിയത്. “കട്ട പണവുമായി മേയറുകുട്ടി കോഴിക്കോട്ടേക്ക് വിട്ടോ ” എന്നായിരുന്നു പോസ്റ്ററിൽ എഴുതിയിരുന്നത്. ഇത് വിവാദമായതോടെ ഭർത്താവിൻ്റെ നാടെന്ന നിലയ്ക്കല്ല പോസ്റ്ററെന്ന് വിശദീകരിച്ച് ജെബി മേത്തർ മുന്നോട്ട് വന്നു.