ദില്ലി: ഹിന്ദു ക്ഷേത്രങ്ങളുടെ വരുമാനം ഉന്നമിട്ട് അവ ഏറ്റെടുക്കാൻ കമ്മ്യൂണിസ്റ്റ് സർക്കാർ ശ്രമിക്കുകയാണെന്ന റിട്ട. ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ ആരോപണം തള്ളി മുൻ ചീഫ് ജസ്റ്റിസ് യു യു ലളിത്. ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര സന്ദർശനത്തിനിടെയാണ് ഇന്ദു മൽഹോത്ര ഈ പരാമർശം നടത്തിയത്. ഹിന്ദു ക്ഷേത്രങ്ങൾ മാത്രമാണ് ഇത്തരത്തിൽ ഏറ്റെടുക്കുന്നത്. വരുമാനം കണ്ടാണ് ഹിന്ദു ക്ഷേത്രങ്ങൾ കമ്മ്യൂണിസ്റ്റ് സർക്കാരുകൾ ഏറ്റെടുക്കാൻ ശ്രമിക്കുന്നത്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലും ഇത്തരത്തിൽ കൈയ്യേറ്റ ശ്രമം നടന്നു. എന്നാൽ താനും ചീഫ് ജസ്റ്റീസ് യു യു ലളിതും ചേർന്ന് അത് അവസാനിപ്പിച്ചെന്നും ഇന്ദു മൽഹോത്ര പറയുകയുണ്ടായി.
എന്നാൽ ഇന്ദു മൽഹോത്രയുടേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും പദ്മനാഭ സ്വാമി ക്ഷേത്ര ഭരണത്തിൽ തിരുവതാംകൂർ മുൻ രാജകുടുംബത്തിൻ്റെ അവകാശം അംഗീകരിച്ചത് നിയമം പരിഗണിച്ചാണെന്നും അദ്ദേഹം പ്രതികരിച്ചു. ‘കേസുമായി ബന്ധപ്പെട്ട സവിശേഷമായ വസ്തുതകളും നിയമവും പരിശോധിച്ചാണ് വിധി എഴുതിയത്. തിരുവതാംകൂർ, കൊച്ചി ഹിന്ദു ആരാധനാലയ നിയമത്തിൽ തിരുവതാംകൂർ രാജകുടുംബത്തിന് പദ്മനാഭസ്വാമി ക്ഷേത്രം ഭരണത്തിലുള്ള അധികാരത്തെ സംബന്ധിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ക്ഷേത്ര നടത്തിപ്പിൽ തിരുവതാംകൂർ മുൻ രാജകുടുംബത്തിന് അധികാരമുണ്ടെന്ന ഉത്തരവ് പുറപ്പെടുവിച്ചത് ഈ കാരണങ്ങളാലാണെന്നും ലളിത് വ്യക്തമാക്കി.