കണ്ണൂർ: വർഗീയ ഫാസിസ്റ്റുകളുമായി സന്ധി ചെയ്യാൻ മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ ജവഹർ ലാൽ നെഹ്റു സൻമനസ് കാണിച്ചുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ആർഎസ്എസ് നേതാവ് ശ്യാമ പ്രസാദ് മുഖർജിയെ ആദ്യ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത് അതിൻ്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച നവോത്ഥാന സദസ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നെഹ്റുവിൻ്റെ ആദ്യ മന്ത്രിസഭയിൽ അദ്ദേഹം ആർഎസ്എസ് നേതാക്കൾക്ക് പ്രാധാന്യം കൊടുത്തു. ആർഎസ്എസുകാരനല്ലാത്ത അംബേദ്കറിനും പ്രാധാന്യം കൊടുത്തു. പ്രതിപക്ഷ നിരയിൽ പ്രതിപക്ഷ നേതൃസ്ഥാനമെന്ന പദവി ഭണഘടനാപരമായി നൽകാൻ കഴിയുകയില്ലെങ്കിലും സിപിഎം നേതാവായ എ കെ ജിക്ക് അത് നൽകിയെന്നും സുധാകരൻ പറഞ്ഞു.
നേരത്തെ ആർഎസ്എസിൻ്റെ കണ്ണൂർ തോട്ടടയിലെ ശാഖ സംരക്ഷിക്കാൻ ആളെ വിട്ടിരുന്നുവെന്ന പ്രസ്താവന വലിയ വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു. സിപിഎം, ആർഎസ്എസിൻ്റെ ശാഖ ആക്രമിക്കാൻ തീരുമാനിച്ചപ്പോഴാണ് സംരക്ഷണം നൽകിയതെന്നും അന്ന് താൻ സംഘടനാ കോൺഗ്രസിൻ്റെ ചുമതലക്കാരനായിരുന്നുവെന്നുമാണ് കെ സുധാകരൻ പറഞ്ഞത്.