കൊച്ചി: തെലങ്കാനയിൽ എംഎൽഎമാരെ ബിജെപിയിലെത്തിക്കാൻ ശ്രമം നടന്നുവെന്ന കേസിൽ അന്വേഷണത്തിനായി തെലങ്കാന പൊലീസ് കൊച്ചിയിലെത്തിയതായി റിപ്പോർട്ട്. എൻഡിഎ സംസ്ഥാന കൺവീനറും ബിഡിജെഎസ് ദേശിയ അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലാണ് ‘ഓപ്പറേഷൻ താമര’ നടന്നതെന്നായിരുന്നു ടിആർഎസ് ആരോപണം.
കേസിൽ ഇതുവരെ മൂന്ന് പേർ അറസ്റ്റിലായി. അറസ്റ്റിലായ സതീഷ് ശർമയുമായി ബന്ധമുള്ള ആൾ കൊച്ചിയിലുണ്ടെന്നായിരുന്നു അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഇയാളുടെ ലാപ്ടോപ്പ്, മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്ത സംഘം, സംശയിക്കുന്ന ആളുമായി അടുപ്പമുള്ള ചിലരെ കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുണ്ട്. കൊച്ചി സിറ്റി പൊലീസിൻ്റെ സഹായത്തോടെയായിരുന്നു അന്വേഷണം. കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് സുപ്രധാന തെളിവുകൾ തെലങ്കാന പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും വിവരമുണ്ട്.
നേരത്തെ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്കെതിരെ ഗുരുതര ആരോപണവുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു രംഗത്തുവന്നിരുന്നു. തെലങ്കാനയിൽ ഓപ്പറേഷൻ കമലിന് പിന്നിൽ തുഷാർ വെള്ളാപ്പള്ളിയാണെന്നും, കേസിൽ അറസ്റ്റിലായ ഏജന്റുമാർ പ്രവർത്തിച്ചത് തുഷാറിൻ്റെ നിർദേശ പ്രകാരമെന്നും കെ ചന്ദ്രശേഖർ റാവു ആരോപിച്ചിരുന്നു. നാല് എംഎൽഎമാരെ പണം നൽകി സ്വന്തമാക്കാനായിരുന്നു ബിജെപിയുടെ ശ്രമം. തുഷാർ വെള്ളാപ്പള്ളിയാണ് സംഭവത്തിന് പിന്നിലെ ഇടനിലക്കാരനെന്നും കെസിആർ പറഞ്ഞിരുന്നു.
‘സർക്കാരിനെ അട്ടിമറിക്കാൻ തുഷാർ 100 കോടിയാണ് വാഗ്ദാനം ചെയ്തത്. ഇതിൻ്റെ തെളിവുകളുണ്ട്. സർക്കാരിനെ അട്ടിമറിക്കാനുളള നീക്കത്തിലെ പ്രധാന കണ്ണി തുഷാർ വെളളാപ്പളളിയാണ്. തുഷാർ അമിത് ഷായുടെ നോമിനിയാണ്. നാല് സർക്കാരുകളെ അട്ടിമറിക്കാനായിരുന്നു പദ്ധതി. തെലങ്കാന, ആന്ധ്ര പ്രദേശ്, ഡൽഹി, രാജസ്ഥാൻ സർക്കാരുകളെ വീഴ്ത്താനായിരുന്നു പദ്ധതി. ഇതുവരെ എട്ട് സർക്കാരുകളെ വീഴ്ത്തിയെന്ന് ഏജൻറുമാർ വെളിപ്പെടുന്ന വീഡിയോയും പുറത്തുവന്നു. എല്ലാ ഓപ്പറേഷനുകൾക്ക് പിന്നിലും ഒരേ ടീമാണ്. തുഷാറിൻ്റെ നിർദേശപ്രകാരമാണ് ഇവർ പ്രവർത്തിച്ചതെന്നും തെലങ്കാന മുഖ്യമന്ത്രി തുറന്നടിച്ചു.’ മാധ്യമങ്ങൾക്ക് മുന്നിൽ കൈക്കൂപ്പിയ കെസിആർ, രാജ്യത്തെ രക്ഷിക്കൂവെന്ന് സുപ്രീംകോടതിയോടും മാധ്യമങ്ങളോടും അഭ്യർത്ഥിച്ചിരുന്നു.