ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനൊരുങ്ങി നവസാരി നിയമസഭാ മണ്ഡലത്തിലെ 17 ഗ്രാമങ്ങൾ. അഞ്ചെലി റെയിൽവേ സ്റ്റേഷനിൽ ലോക്കൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം എന്ന പ്രദേശവാസികളുടെ ആവശ്യം ഇതുവരെ അംഗീകരിക്കാത്തതാണ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ കാരണം. അഞ്ചെലി റെയിൽവേ സ്റ്റേഷന് സമീപവും ഗ്രാമപ്രദേശങ്ങളിലും ‘ട്രെയിൻ നഹി ടു വോട്ട് നഹി’ എന്നെഴുതിയ ബാനറുകളും തൂക്കിയിട്ടുണ്ട്. ഭരണകക്ഷിയായ ബിജെപിയിലെ നേതാക്കളടക്കം ആരും തന്നെ ഗ്രാമങ്ങളിൽ കടക്കരുതെന്ന് കാണിച്ചാണ് ബാനറുകൾ തൂക്കിയിരിക്കുന്നത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ ഒരുവോട്ടുപോലും ചെയ്യാതെ തിരിച്ചയക്കാനാണ് നാട്ടുകാരുടെ തീരുമാനം.
2007 മുതൽ ബിജെപി ഭരിക്കുന്ന നിയമസഭാ മണ്ഡലമാണ് നവസാരി. സംസ്ഥാനത്തെ പ്രധാന ബിജെപി നേതാക്കളാണ് ഇവിടെ നിന്നും തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള എം.എൽ.എമാർ. 2008 ൽ നിലവിൽ വന്ന നവസരി ലോക്സഭാ മണ്ഡലത്തിൽ തുടർച്ചയായി മൂന്ന് തവണയും ജയിച്ചതും ബിജെപിയാണ്.
ബിജെപിയോ മറ്റ് രാഷ്ട്രീയ പാർട്ടികളോ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വരരുത്, ഞങ്ങളുടെ ആവശ്യങ്ങൾ നിങ്ങൾ പരിഗണിക്കുന്നില്ല, അതുകൊണ്ട് ഞങ്ങൾ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നെന്നും നാട്ടുകാർ പറയുന്നു. ‘ഇവിടെ നിയോജക മണ്ഡലത്തിൽ കുറഞ്ഞത് 17 ഗ്രാമങ്ങളിലെ ജനങ്ങളെങ്കിലും തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിട്ടുണ്ട്. കോവിഡിന് മുമ്പ് ഇവിടെ നിർത്തിയിരുന്ന ട്രെയിൻ നിർത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സ്ഥിരമായി ആ ട്രെയിനിനെ ആശ്രയിച്ച നിരവധിപേരുണ്ടായിരുന്നു. എന്നാൽ ട്രെയിൻ നിർത്താതെയായപ്പോൾ പലർക്കും സ്വകാര്യവാഹനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. ദിവസവും യാത്രക്ക് മാത്രമായി 300 രൂപയോളം ചെലവഴിക്കേണ്ടിവരുന്നെന്നും നാട്ടുകാരനായ ഹിതേഷ് നായക് ‘എഎൻഐ’യോട് പറഞ്ഞു. കോളജിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് സമയത്ത് ക്ലാസിലെത്താൻ കഴിയുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.
27 വർഷമായി സംസ്ഥാനത്തെ ഭരണം കയ്യാളുന്ന ബിജെപിക്ക് ഇത്തവണ ഒരു അനായാസ വിജയം ഉണ്ടാകില്ലയെന്നാണ് രാഷ്ട്രീയ നീരിക്ഷകർ വിലയിരുത്തുന്നത്. കോവിഡ് പ്രതിരോധത്തിലുണ്ടായ പാളിച്ചകളടക്കം നിരവധി മേഖലകളിൽ സർക്കാർ വിരുദ്ധ വികാരം ശക്തിപ്പെട്ടിട്ടുണ്ടന്നാണ് ഇവർ വിലയിരുത്തുന്നത്.