ഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് സിപിഎം കേന്ദ്രകമ്മറ്റി അംഗവും മുൻ മന്ത്രിയുമായ കെ കെ ശൈലജ എംഎൽഎ. ജനാധിപത്യം പൂർണ്ണമാകുന്നില്ലെങ്കിൽ നാം നേടിയ ജോലിയും വിദ്യാഭ്യാസവും സ്വാശ്രയത്വവും എല്ലാം കൊഴിഞ്ഞുപോകും. സ്വാതന്ത്ര്യത്തിൻ്റെ 75ആം ഘട്ടത്തിലും ഒരു തരം അസ്ഥിരതയാണ് രാജ്യത്തിലെ പൗരന്മാർ നേരിടുന്നത്. സുസ്ഥിരമായ ഭരണം കാഴ്ചവെയ്ക്കാൻ ഇന്ത്യൻ ഭരണാധികാരികൾക്ക് കഴിഞ്ഞിട്ടില്ലാത്തതിനാലാണ് ഇതെന്നും ശൈലജ പറഞ്ഞു. എറണാകുളം ടൗൺഹാളിൽ നടക്കുന്ന കെജിഎൻഎ 65ആം സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
രാജ്യത്ത് ശിശു മരണ നിരക്ക് ഏറ്റവും കുറവുള്ള കേരളത്തിൽ മാത്രമാണ് ഒരു പൗരൻ വൃത്തിയും ആരോഗ്യവുമുള്ള ഇടത്തിൽ പിറന്നു വീഴുന്നത്. മറ്റ് സംസ്ഥാനങ്ങളിലെല്ലാം പിറന്നു വീഴുമ്പോൾ തന്നെ ജനാധിപത്യപരമായ അവൻ്റെ അവകാശങ്ങൾ നിഷേധിക്കപ്പെടുകയാണ്. കേരളത്തിൽ മാറി മാറി വന്ന ഇടതു സർക്കാരാണ് ആരോഗ്യ മേഖലയെ കരുത്താർജ്ജിച്ചതാക്കിയതെന്നും കെ കെ ശൈലജ പറഞ്ഞു.