ഗവർണറെ ചാൻസലർ പദവിയിൽ നിന്ന് നീക്കാനുള്ള ഓർഡിനൻസ് ഭരണഘടനാനുസൃതമെന്ന് മന്ത്രി എം ബി രാജേഷ്. സർക്കാർ നിലപാട് വ്യക്തമാണ്. ഓർഡിനൻസുമായി ബന്ധപ്പെട്ട് അവ്യക്തത ഇല്ലെന്നും ഭരണഘടനാപരമായ അധികാരമാണ് ഉപയോഗിച്ചിരിക്കുന്നതെന്നും എം ബി രാജേഷ് പറഞ്ഞു.
ഗവർണറെ സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്നും നീക്കാൻ ആവശ്യപ്പെട്ട് കൊണ്ടുള്ള ഓർഡിനൻസ് വെള്ളിയാഴ്ചയാണ് സർക്കാർ രാജ്ഭവന് കൈമാറിയത്. മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് ഓർഡിനൻസ് ലഭിച്ചതായി രാജ്ഭവൻ സ്ഥിരീകരിച്ചു. മന്ത്രിസഭാ യോഗം അംഗീകരിച്ച ഓർഡിനൻസ് നിയമ സെക്രട്ടറി പരിശോധിച്ച ശേഷം മുഖ്യമന്ത്രിയുടെ ഓഫീസിന് നൽകുകയും തുടർന്ന് വെള്ളിയാഴ്ച വൈകിട്ടോടെ രാജ്ഭവന് കൈമാറുകയുമായിരുന്നു. ഓർഡിനൻസ് ഗവർണർക്ക് രാഷ്ട്രപതിക്ക് കൈമാറാനാകില്ലെന്ന നിയമോപദേശം സർക്കാരിന് ലഭിച്ചതിനെ തുടർന്നാണ് നടപടി. പൂഞ്ചി കമ്മീഷൻ റിപ്പോർട്ടിൻ്റെ കൂടി അടിസ്ഥാനത്തിലാണ് മന്ത്രിസഭ ഓർഡിനൻസ് തയ്യാറാക്കിയത്.
എന്നാൽ തന്നെ ബാധിക്കുന്ന ഓർഡിനൻസ് ആയതിനാൽ ഇക്കാര്യത്തിൽ താൻ തീരുമാനമെടുക്കില്ലെന്നും രാഷ്ട്രപതിക്ക് അയയ്ക്കുമെന്നും ഗവർണർ വ്യക്തമാക്കി. അതേസമയം ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റാനുള്ള ഓർഡിനൻസ് രാഷ്ട്രപതിക്ക് അയച്ചാൽ സർക്കാർ കോടതിയെ സമീപിക്കും.