മറ്റു ഭാഷാചിത്രങ്ങളിൽ കാണുന്ന പോലെയുള്ള അതിഭാവുകത്വമുള്ള നായകന്മാരെയോ വില്ലന്മാരെയോ മലയാളികൾ അംഗീകരിക്കില്ലെന്ന് പ്രേക്ഷക പ്രിയങ്കരൻ ജയസൂര്യ. ഹാസ്യമായാലും കഥാചിത്രമായാലും സിനിമയെ കാര്യ ഗൗരവത്തോടെ കാണുന്നവരാണ് ലമയാളികളെന്ന് ജയസൂര്യ പറയുന്നു. സിനിമയിൽ എന്തെങ്കിലും കാണിച്ച് മലയാളി പ്രേക്ഷകരെ കബളിപ്പിക്കാനാവില്ല. 41-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ സിനിമാ പ്രേക്ഷകരുമായി സംവദിക്കവെയാണ് താരത്തിന്റെ പരാമർശം.
ഓരോ സിനിമയുടെയും കഥാസന്ദർഭവും ക്യാമറയും എഡിറ്റിങും വരെ മലയാള പ്രേക്ഷകർ വിലയിരുത്താറുണ്ട്, ഇത് മലയാളത്തിന്റെ മാത്രം പ്രത്യേകതയാണ്. ഈ സാഹചര്യത്തിൽ, ബഹുഭൂരിപക്ഷം മലയാളസിനിമകളും അതിൻ്റെ മേക്കിങ്ങിൽ സൂക്ഷ്മത പുലർത്തുന്നുവെന്നും ജയസൂര്യ പറയുന്നു.
നടൻ്റെ വാക്കുകൾ;
ഈഗോ ഇല്ലാത്ത നല്ലകൂട്ടുകെട്ടിൽ നിന്നും സൗഹൃദത്തിൽ നിന്നുമാണ് പലപ്പോഴും മികച്ചസിനിമകൾ പിറക്കുന്നത്. കൊണ്ടും കൊടുത്തും അഭിപ്രായങ്ങൾ സ്വീകരിച്ചും ചെയ്യുന്ന സിനിമാക്കൂട്ടുകൾ വേണം. മലയാളത്തിൽ മിക്കവാറും സൂപ്പർഹിറ്റ് ചിത്രങ്ങളുണ്ടായിട്ടുള്ളത് മികച്ചസൗഹൃദത്തിൽ നിന്നാണ്. പ്രജേഷ് സെന്നിൽ നിന്ന് അത്തരം അനുഭവമാണുണ്ടായിട്ടുള്ളത്. വെള്ളംപോലുള്ള ജീവിതഗന്ധിയായ സിനിമയിലെ കഥാപാത്രംചെയ്തപ്പോൾ വേറിട്ട അനുഭവമാണുണ്ടായത്.
നമുക്കിടയിൽ ജീവിക്കുന്ന കഥാപാത്രമാണ് മുരളി. ഈ കഥാപാത്രം നിരവധിപേർക്ക് പ്രചോദനമായെന്നറിഞ്ഞപ്പോൾ സിനിമാജീവിതത്തിൽ മറക്കാനാവാത്ത അനുഭവമായി. ഇത് കുടുംബങ്ങളിൽ വലിയ ചലനങ്ങളുണ്ടാക്കി. നിരവധിപേർക്ക് മദ്യപാനം ഉപേക്ഷിക്കാൻ സഹായകമായി. ഒരാൾ മാറിയാൽ ഒരു കുടുംബമാണ് രക്ഷപ്പെടുന്നത്. അതുവഴി സമൂഹത്തിന് ഗുണമാവും. ഇത് ചെറിയകാര്യമല്ല.
ജീവിക്കുന്ന കഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിക്കുന്നത് വെല്ലുവിളിയാണ്. വെള്ളത്തിലെ മുരളിയെ അവതരിപ്പിച്ചത് അദ്ദേഹത്തെ മറ്റുള്ളവരിൽനിന്ന് കേട്ടറിഞ്ഞാണ്. ഫുട്ബോൾ താരം സത്യനെ അവതരിപ്പിച്ചതും അങ്ങനെത്തന്നെ. ഇതെല്ലാം ദൈവാനുഗ്രഹമായാണ് ഞാൻ കാണുന്നത്.