കൊച്ചി: ഓർഡിനൻസ് ഗവർണറുടെയോ രാഷ്ട്രപതിയുടെയോ പരിഗണനയിൽ ഇരിക്കുമ്പോൾ ഇതേ വിഷയത്തിൽ നിയമസഭയിൽ ബിൽ കൊണ്ടുവരാൻ തടസ്സമില്ലെന്ന് നിയമ മന്ത്രി പി രാജീവ്. ബിൽ കൊണ്ടുവരുന്നത് നിയമസഭയുടെ അവകാശമാണെന്നും പി രാജീവ് പറഞ്ഞു.
ബിൽ പരിഗണിച്ചുകൊണ്ടിരിക്കെ അതേ വിഷയത്തിൽ ഓർഡിൻസ് ഇറക്കാൻ മാത്രമാണ് ഭരണഘടന പ്രകാരം തടസ്സമുള്ളത്, മറിച്ചല്ല. സർവകലാശാലാ ഓർഡിനൻസിൽ ഒപ്പിടില്ലെന്ന്, അതു കാണാതെ ഗവർണർ പറയുമെന്നു കരുതുന്നില്ല. പറഞ്ഞെങ്കിൽ അതു മുൻവിധിയാണെന്നും ഭരണഘടനാ പദവിയിൽ ഇരിക്കുന്ന ഒരാൾക്ക് പാടില്ലാത്തതാണെന്നും രാജീവ് പറഞ്ഞു.
വെള്ളിയാഴ്ചയാണ് ഓർഡിനൻസ് സർക്കാർ രാജ്ഭവനിലേക്ക് അയച്ചത്. മന്ത്രിസഭാ യോഗം അംഗീകരിച്ച ഓർഡിനൻസ് നിയമ സെക്രട്ടറി പരിശോധിച്ച ശേഷം മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറുകയും വൈകിട്ടോടെ രാജ്ഭവന് കൈമാറുകയുമായിരുന്നു. ഓർഡിനൻസ് ഗവർണർക്ക് രാഷ്ട്രപതിക്ക് കൈമാറാനാകില്ലെന്ന നിയമോപദേശം സർക്കാരിന് ലഭിച്ചതിനെ തുടർന്നാണ് നടപടി. പൂഞ്ചി കമ്മീഷൻ റിപ്പോർട്ടിൻ്റെ കൂടി അടിസ്ഥാനത്തിലാണ് മന്ത്രിസഭ ഓർഡിനൻസ് തയ്യാറാക്കിയത്.