ഗവർണറെ സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്നും നീക്കുന്നതിനുള്ള ഓർഡൻസിൽ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിടുന്നതാണ് മര്യാദയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ജനാധിപത്യപരമായി അതല്ലേ ശരി? ജനാധിപത്യ നടപടിക്രമം അനുസരിച്ച് ഗവർണർ ഒപ്പിടണം. ഓർഡിനൻസ് ആർക്കും എതിരാണെന്ന് വ്യാഖ്യാനിക്കേണ്ടതില്ല. ഓർഡിനൻസിൻ്റെ കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ മന്ത്രി മാധ്യമങ്ങൾ ധൃതി കാട്ടേണ്ടതില്ലെന്നും പറഞ്ഞു.
വെള്ളിയാഴ്ചയാണ് ഓർഡിനൻസ് സർക്കാർ രാജ്ഭവനിലേക്ക് അയച്ചത്. മന്ത്രിസഭാ യോഗം അംഗീകരിച്ച ഓർഡിനൻസ് നിയമ സെക്രട്ടറി പരിശോധിച്ച ശേഷം മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറുകയും വൈകിട്ടോടെ രാജ്ഭവന് കൈമാറുകയുമായിരുന്നു. ഓർഡിനൻസ് ഗവർണർക്ക് രാഷ്ട്രപതിക്ക് കൈമാറാനാകില്ലെന്ന നിയമോപദേശം സർക്കാരിന് ലഭിച്ചതിനെ തുടർന്നാണ് നടപടി. പൂഞ്ചി കമ്മീഷൻ റിപ്പോർട്ടിൻ്റെ കൂടി അടിസ്ഥാനത്തിലാണ് മന്ത്രിസഭ ഓർഡിനൻസ് തയ്യാറാക്കിയത്.