ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ വിമർശിച്ച് നിലമ്പൂർ എംഎൽഎ പി വി അൻവർ. സ്വാമി സന്ദീപാനന്ദ ഗിരിയെ ട്രോളാൻ വേണ്ടി, മരണമടഞ്ഞ ബി.ജെ.പി പ്രവർത്തകനെ സുരേന്ദ്രൻ കോമാളിയാക്കി ചിത്രീകരിച്ചെന്നും പി വി അൻവർ വ്യക്തമാക്കി.
“മരണപ്പെട്ട ബി.ജെ.പി പ്രവർത്തകനെ പോലും രാഷ്ട്രീയ എതിരാളികളെ ട്രോളാനുള്ള കഥാപാത്രമാക്കി മാറ്റി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അദ്ദേഹത്തിൻ്റെ ഔദ്യോഗിക പേജിൽ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്. സ്വാമി സന്ദീപാനന്ദ ഗിരിയെ ട്രോളാൻ വേണ്ടി, മരണമടഞ്ഞ ബി.ജെ.പി പ്രവർത്തകനെ കോമാളിയാക്കി ചിത്രീകരിക്കുന്ന ആ പോസ്റ്റിൻ്റെ അടിയിൽ വന്ന് കൈ കൊട്ടുന്ന ആ കൂട്ടമാണ്, വർത്തമാനകാല കേരളത്തിലെ തലയിൽ ചാണകം പേറുന്ന കഴുതകളുടെ ആകെ തുക.!! ഇമ്മാതിരി തോൽവികൾ ഉള്ളിടത്തോളം കാലം കേരളം ചാണകത്തിൽ ചവിട്ടില്ല.ഉറപ്പ്” എന്ന് പി വി അൻവർ ഫേസ്ബുക്കിൽ കുറിച്ചു.
വന്ദനം സിനിമയിൽ മൃതദേഹം സൈക്കിളിനു പിന്നിലിരുത്തി നീങ്ങുന്ന ജഗദീഷിൻ്റെ ചിത്രമാണ് കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ പങ്കിട്ടത്. ‘ഷിബു സ്വാമിയുടെ ആശ്രമം കത്തിച്ച പ്രതിയുമായി വരുന്ന പൊലീസ്’ എന്ന വാചകവും പോസ്റ്റിൽ ഉണ്ട്.
സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ചത് ആർഎസ്എസ് നേതാവ് പ്രകാശാണെന്ന് സഹോദരൻ പ്രശാന്ത് കഴിഞ്ഞ ആഴ്ച ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. പ്രകാശിൻ്റെ മരണത്തിന് പിന്നിലും ആർഎസ്എസിന് പങ്കുണ്ടെന്ന് സഹോദരൻ വെളിപ്പെടുത്തിയിരുന്നു.