അഡ്ലെയ്ഡ്: ടി20 ലോകകപ്പ് ഫൈനൽ കാണാതെ ഇന്ത്യ പുറത്ത്. സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ പത്ത് വിക്കറ്റിൻ്റെ കൂറ്റൻ തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ പാകിസ്ഥാനാണ് ഇംഗ്ലണ്ടിൻ്റെ എതിരാളികൾ. അഡ്ലെയ്ഡ് ഓവലിൽ ഇന്ത്യ ഉയർത്തിയ 169 റൺസ് വിജലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 4 ഓവർ ബാക്കി നിൽക്കെ വിക്കറ്റ് നഷ്ടമില്ലാതെയാണ് ലക്ഷ്യം മറികടന്നത്. ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ജോസ് ബട്ട്ലർ 49 പന്തിൽ ഒമ്പത് ഫോറും മൂന്ന് സിക്സും ഉൾപ്പടെ 80 റൺസും അലക്സ് ഹെയിൽസ് 47 പന്തിൽ നാല് ഫോറും ഏഴ് സിക്സും ഉൾപ്പടെ 86 റൺസും നേടി.
ഒരിക്കൽ പോലും ഇന്ത്യൻ ബൗളർമാർക്ക് ഇംഗ്ലീഷ് ഓപ്പണർമാരെ വെല്ലുവിളിക്കാനായില്ല. ബൗളർമാർ മാറിമാറി പന്തെറിഞ്ഞെങ്കിലും ഇംഗ്ലണ്ട് ഓപ്പണർമാർ അനായാസം റൺസ് കണ്ടെത്തി. 28 പന്തുകളിൽ ഹെയിൽസ് ഫിഫ്റ്റി തികച്ചപ്പോൾ 36 പന്തിൽ ബട്ലറും അർധസെഞ്ചുറിയിലെത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്താ ഇന്ത്യ നിശ്ചിത ഓവറിൽ 6 നഷ്ടത്തിൽ 168 റൺസ് എടുത്തു. ഇന്ത്യക്കായി വിരാട് കോഹ്ലി 40 പന്തിൽ 50 റൺസും ഹർദിക് പാണ്ഡ്യ 33 പന്തിൽ 63 റൺസും നേടി.
ഇന്ത്യയ്ക്ക് രണ്ടാം ഓവറിൽ തന്നെ ഓപ്പണർ കെ.എൽ രാഹുലിനെ (5) നഷ്ടമായി. ക്രിസ് വോക്സിനായിരുന്നു വിക്കറ്റ്. പിന്നാലെ രോഹിത്തും കോലിയും ചേർന്ന് സ്കോർ 56 വരെയെത്തിച്ചെങ്കിലും സ്കോറിങ് വേഗം കുറവായിരുന്നു. പവർപ്ലേയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 38 റൺസ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്. 28 പന്തിൽ നിന്ന് 27 റൺസെടുത്ത രോഹിത്തിനെ ഒമ്പതാം ഓവറിൽ ക്രിസ് ജോർദാൻ പുറത്താക്കി. പിന്നീടെത്തിയ സൂപർ താരം സൂര്യകുമാർ യാദവ് 14 റൺസ് മാത്രമെടുത്ത് പുറത്തായതോടെ ഇന്ത്യ പതറി. നാലാം വിക്കറ്റിൽ കോലിക്കൊപ്പം ഹാർദിക് പാണ്ഡ്യയെത്തിയതോടെയാണ് ഇന്ത്യൻ സ്കോർ അൽപം വേഗത്തിലായത്. ഇരുവരും ചേർന്ന് 61 റൺസാണ് ഇന്ത്യൻ ഇന്നിങ്സിൽ കൂട്ടിചേർത്തത്. കോലി 40 പന്തിൽ ഒരു സിക്സും നാല് ഫോറുമടക്കം 50 റൺസടുത്തു. 18-ാം ഓവറിൽ കോലി മടങ്ങിയതിനു പിന്നാലെ തകർത്തടിച്ച പാണ്ഡ്യയാണ് സ്കോർ 150 കടത്തിയത്. പാണ്ഡ്യ 33 പന്തിൽ അഞ്ച് സിക്സും നാല് ബൗണ്ടറിയുമടക്കം 63 റൺസടുത്തു. ഋഷഭ് പന്ത് ആറ് റൺസെടുത്ത് പുറത്തായി.
ക്രിസ് ജോർദാൻ ഇംഗ്ലണ്ടിനായി മൂന്ന് വിക്കറ്റ് എടുത്തപ്പോൾ. ക്രിസ് വോക്സ്, ആദിൽ റഷീദ് ഓരോ വിക്കറ്റും വീഴ്ത്തി.