ആർഎസ്എസിനെ സംരക്ഷിച്ചിരുന്നുവെന്ന കെ സുധാകരൻ്റെ പ്രസ്താവനയിൽ അത്ഭുതം ഒന്നുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കെ സുധാകരൻ്റെ ആർഎസ്എസ് ബന്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ആർഎസ്എസിന് കലാപം നടത്താൻ സംരക്ഷണം നൽകിയവരാണ് സുധാകരനും സംഘവും. തലശ്ശേരി കലാപ കാലത്ത് പള്ളി പൊളിക്കാൻ വന്നവരെ സുധാകരൻ പിന്തുണച്ചെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആർഎസ്എസ് ശാഖ സംരക്ഷിക്കാം ആളെ വിട്ട് നൽകിയിട്ടിട്ടുണ്ടെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരൻ്റെ തുറന്നുപറച്ചിലിന് പിന്നാലെയാണ് എം വി ഗോവിന്ദൻ്റെ പ്രതികരണം. എടക്കാട്, തോട്ടട, കിഴുന്ന മേഖലയിൽ ആർഎസ്എസ് ശാഖ തകർക്കാൻ സിപിഎം ശ്രമിച്ചിരുന്നു. ആ സമയത്ത് കോൺഗ്രസ് ശാഖക്ക് ആളെ അയച്ച് സംരക്ഷണം നൽകിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ നേരത്തെ ശാഖ ഉണ്ടായിരുന്നില്ല. അവർ ശാഖ തുടങ്ങാൻ ശ്രമിച്ചപ്പോൾ സിപിഎം എതിർപ്പുണ്ടായി. അപ്പോഴാണ് ആർഎസ്എസിന് സഹായം നൽകിയതെന്നും സുധാകരൻ ബുധനാഴ്ച പറഞ്ഞു.