തിരുവനന്തപുരം: പാറശാല ഷാരോൺ കൊലപാതകത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി പ്രതി ഗ്രീഷ്മ. ഷാരോണിനെ പഠിച്ചിരുന്ന കോളേജിൽ വച്ചുo വധിക്കാൻ ശ്രമിച്ചിരുന്നുവെന്ന് പ്രതി ഗ്രീഷ്മയുടെ മൊഴി. ഇതിനായി ഗ്രീഷ്മ ഡോളോ ഗുളികകൾ ജ്യൂസിൽ കലക്കി നൽകി. ഷാരോൺ പഠിക്കുന്ന നെയ്യൂർ സി എസ് ഐ കോളജിൻ്റെ ശുചി മുറിയിൽ വച്ചാണ് ജൂസിൽ ഗുളികൾ കലർത്തിയതെന്ന് പ്രതി വെളിപ്പെടുത്തി. സംഭവത്തിൻ്റെ തലേദിവസം തന്നെ ഗുളികകൾ കുതിർത്ത് കൈയിൽ കരുതിയിരുന്നു. തുടർന്ന് കോളേജിലെത്തി ജ്യൂസ് ചലഞ്ച് നടത്തിയ ശേഷം ഷാരോണിന് കുടിക്കാൻ കൊടുത്തു. എന്നാൽ ജ്യൂസിന് കയ്പ് അനുഭവപ്പെട്ടതിനെ തുടർന്ന് ഷാരോൺ തുപ്പി കളയുകയായിരുന്നുവെന്ന് ഗ്രീഷ്മ പറഞ്ഞു. നെയ്യൂരിലെ കോളേജിൽ ഗ്രീഷ്മയെ എത്തിച്ച് ഇത് സംബന്ധിച്ച് തെളിവെടുത്തു. കേസിൻ്റെ അന്വേഷണവുമായി ഗ്രീഷ്മ സഹകരിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
അതേസമയം വധക്കേസിൽ പ്രതി ഗ്രീഷ്മയുമായി ഇന്നും അന്വേഷണസംഘം തെളിവെടുപ്പ് നടത്തും. കന്യാകുമാരി ജില്ലയിലെ തൃപ്പരപ്പിലാകും പ്രധാന തെളിവെടുപ്പ്. ഷാരോണും ഗ്രീഷ്മയും ഒരുമിച്ച് താമസിച്ച ഹോട്ടലിലാണ് തെളിവെടുപ്പ്. തമിഴ്നാട് നെയ്യൂരിൽ ഷാരോൺ പഠിച്ച കോളേജിലും പ്രതിയെ ഇന്ന് തന്നെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. തെളിവെടുപ്പിൻ്റെ ഭാഗമായി ഗ്രീഷ്മയുടെ ശബ്ദ സാമ്പിൾ പരിശോധിക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.