കൊച്ചി: സർവ്വകലാശാല വെെസ്ചാൻസലർമാർക്ക് നേരെ ചാൻസലറായ ഗവർണറുടെ നടപടി ഹെെക്കോടതി തടഞ്ഞു. വിസിമാർക്കെതിരെ ഉടനടി നടപടി വേണ്ടെന്നും ഹെെക്കോടതി പറയും വരെ അന്തിമ തീരുമാനം എടുക്കരുതെന്നും നിർദേശിച്ചു. ചാൻസലർ ആയ ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്തുള്ള വിസിമാരുടെ ഹർജികൾ നവംബർ 17നു വീണ്ടും പരിഗണിക്കും. ചാൻസലർ മറുപടി നൽകാൻ സമയം ചോദിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പത്ത് സർവ്വകലാശാലകളിലെ വൈസ് ചാൻസലർമാരെ പുറത്താക്കാതിരിക്കാൻ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗവർണർ നോട്ടീസ് നൽകിയത്. ഗവർണറുടെ നടപടിയിൽ നിയമവിരുദ്ധമായ പല കാര്യങ്ങളും സംഭവിച്ചിട്ടുണ്ടെന്ന് വിസിമാരുടെ അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
കാരണംകാണിക്കൽ നോട്ടീസിൻ്റെ തുടർച്ചയായി വി.സിമാരെ പുറത്താക്കാനുള്ള നടപടിയിലാണ് കോടതി ഇടപെട്ട് ഗവർണർക്ക് കാത്തിരിക്കാൻ നിർദേശം നൽകിയിരിക്കുന്നത്. ഗവർണറുടെ കാരണംകാണിക്കൽ നോട്ടീസിനെതിരെ വി.സിമാർ ഹർജി നൽകിയിട്ടുണ്ട്. ഇതിൽ അന്തിമ തീർപ്പ് വരുന്നതുവരെ നടപടി പാടില്ലെന്നാണ് കോടതിയുടെ നിർദേശം.
പല വിസിമാർക്കും ചാൻസലറായ ഗവർണർക്ക് മുന്നിലെത്തി വിശദീകരണം നൽകാൻ തയ്യാറല്ല. ഇക്കാര്യം കണ്ണൂർ വി.സി ഗോപിനാഥ് രവീന്ദ്രൻ്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തന്നെ ക്രിമിനൽ എന്ന് വിളിച്ച് അധിക്ഷേപിച്ച ഒരാളുടെ മുന്നിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ലെന്നാണ് ഗോപിനാഥ് രവീന്ദ്രൻ അഭിഭാഷകൻ വഴി അറിയിച്ചത്. ഇക്കാര്യത്തിൽ സ്വതന്ത്രമായ തീരുമാനം വിസിമാർക്ക് എടുക്കാമെന്നും ഒരാളും ചാൻസലറെ നേരിട്ട് കാണണമെന്ന് കോടതി നിർദേശിക്കില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.