തിരുവനന്തപുരം: കാമുകനുമായി ചേർന്ന് ഭർത്താവിന് ഹോർലിക്സിൽ ഭാര്യ വിഷം കലർത്തി കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ കേസ് എടുത്ത് പാറശ്ശാല പൊലീസ്. പാറശ്ശാല മുറിയങ്കര എസ്.എൻ ഭവനിൽ സുധീർ (49) നൽകിയ പരാതിയിലാണ് കേസ്. ഭാര്യ തമിഴ്നാട് ശിവകാശി കാമരാജപുരം സ്വദേശിനി പ്രിയ, കാമുകൻ തിരുനെൽവേലി സ്വദേശി മുരുകൻ എന്നിവർക്കെതിരെയാണ് കേസ്.
2010 മുതൽ 2020 വരെ പല ദിവസങ്ങളിൽ ഭക്ഷണത്തിൽ പല തവണയായി വിഷം കലർത്തി നൽകിയിരുന്നു എന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. ശാന്തി വീടു വിട്ടിറങ്ങി എട്ടു മാസങ്ങൾക്ക് ശേഷം വസ്ത്രങ്ങൾ മാറ്റുന്നതിനിടെയാണ് സിറിഞ്ചും നീഡിലും അലുമിനിയം ഫോസ്ഫെയ്ഡും കണ്ടെത്തിയത്. നേരത്തെ ശാന്തി വീട്ടിലുണ്ടായിരുന്നപ്പോൾ ഇവിടെ നിന്ന് ഹോർലിക്സ് കഴിച്ച ശേഷം പുറത്ത് പോയപ്പോൾ തലവേദനയും അസ്വാസ്ഥ്യവും അനുഭവപ്പെട്ടു. തുടർന്ന് പാറശാല ആശുപത്രിയിലും ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. മൂന്ന് ദിവസം വെന്റിലേറ്ററിൽ കിടുന്നതായും സുധീർ പറയുന്നു. അതിന് മുമ്പും തലകറക്കവും മറ്റും ഉണ്ടായിട്ടുണ്ട്.
അലുമിനിയം ഫോസ്ഫെയ്ഡ് ശരീരത്തിൽ ചെന്നാലുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ തന്നെയായിരുന്നു സുധീറിനുണ്ടായിരുന്നതെന്ന മെഡിക്കൽ റിപ്പോർട്ടുകളും അദ്ദേഹത്തിൻ്റെ കൈവശമുണ്ട്. വിഷം തമിഴ്നാട്ടിൽ നിന്ന് കൊറിയറായി അയച്ചതാണെന്നാണ് സുധീർ പറയുന്നത്. അതിന് തൻ്റെ പക്കൽ തെളിവുണ്ടെന്നും സുധീർ പറയുന്നു.