ബെംഗളൂരു: കോൺഗ്രസ് പാർട്ടിയുടെയും രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെയും ഔദ്യോഗിക അക്കൗണ്ടുകൾ താൽക്കാലികമായി മരവിപ്പിക്കാൻ ട്വിറ്ററിന് ബെംഗളൂരു കോടതിയുടെ നിർദ്ദേശം. ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട വിഡിയോകളിൽ പകർപ്പവകാശം ലംഘിച്ച് കന്നഡ സിനിമയായ കെജിഎഫ് ടുവിൽനിന്നുള്ള സംഗീതം ഉപയോഗിച്ചതിനെതിരെ എംആർടി മ്യൂസിക് നൽകിയ പരാതിയിലാണ് കോടതി നടപടി.
കെജിഎഫ് ടുവിലെ ഗാനങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചെന്നു ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ്, പാർട്ടിയുടെ സാമൂഹികമാധ്യമ വിഭാഗത്തിൻ്റെ ചുമതലയുള്ള സുപ്രിയശ്രീനാഥ് എന്നിവർക്കെതിരെ ബെംഗളൂരു ആസ്ഥാനമായുള്ള എംആർടി മ്യൂസിക് യശ്വന്ത്പുർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധി പൊതുജനങ്ങളുമായി സംസാരിക്കുന്നതും മറ്റും വിഡിയോ ആയി ചിത്രീകരിച്ച് കെജിഎഫ് 2 ലെ സുൽത്താൻ എന്ന ഗാനവും പിന്നണിയിലിട്ടാണ് കോൺഗ്രസ് പോജുകളിൽ അപ്ലോഡ് ചെയ്തിരുന്നു. പകർപ്പവകാശ നിയമ ലംഘനം ചൂണ്ടിക്കാട്ടിയാണ് പരാതി.
ദക്ഷിണേന്ത്യൻ സൂപ്പർ ഹിറ്റ് സിനിമയായി കെ.ജി.എഫിൻ്റെ രണ്ടാംഭാഗത്തിലെ ഹിന്ദി ഗാനങ്ങളുടെ പകർപ്പവകാശം ലഭിക്കാൻ കോടികളാണ് തങ്ങൾ ചെലവഴിച്ചതെന്ന് കമ്പനി പരാതിയിൽ ചൂണ്ടിക്കാണിച്ചു. നിയമവിരുദ്ധമായി ഡൗൺലോഡ് ചെയ്ത് ദൃശ്യങ്ങളുമായി കൂട്ടിച്ചേർത്ത്, ഗാനങ്ങൾ പാർട്ടിയുടേതാണെന്ന് തോന്നിക്കുന്ന രീതിയിലാണ് പ്രചരിപ്പിച്ചതെന്ന് എം.ആർ.ടി. മ്യൂസിക്കിൻ്റെ അഭിഭാഷകൻ പറഞ്ഞു. പ്രചരിപ്പിച്ച ദൃശ്യങ്ങളിൽ ഭാരത് ജോഡോ യാത്രയുടെ ലോഗോ ഉപയോഗിച്ചിട്ടുണ്ടെന്നും പാർട്ടിയുടെ ഔദ്യോഗിക സാമൂഹിക മാധ്യമങ്ങളിൽ അത് പ്രചരിപ്പിച്ചിട്ടുണ്ടെന്ന് കമ്പനി ചൂണ്ടിക്കാട്ടി.
ഭാരത് ജോഡോ യാത്രയ്ക്ക് കെ.ജി.എഫിലെ ഗാനം; രാഹുൽ ഗാന്ധിക്കെതിരെ കേസ്