ന്യൂഡൽഹി: ഗവർണർ ആരിഫ് മൊഹമ്മദ് ഖാനെതിരെ വീണ്ടും രൂക്ഷമായ വിമർശനവുമായി സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപി താൽപര്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് ഗവർണർ പ്രവർത്തിക്കുന്നതെന്ന് ഒരു ദേശീയ മാധ്യമത്തോട് അദ്ദേഹം പ്രതികരിച്ചു. ഗവർണർ മന്ത്രിസഭയുടെ ഉപദേശത്തിനനുസരിച്ചാണ് പ്രവർത്തിക്കേണ്ടതെന്ന് വീണ്ടും ഓർമപ്പെടുത്തിയ യെച്ചൂരി, ആരിഫ് മുഹമ്മദ് ഖാൻ എന്ന വ്യക്തിയേയല്ല, മറിച്ച് ഗവർണർ എന്ന പദവിയെ തന്നെയാണ് സിപിഐ എം ചോദ്യംചെയ്യുന്നതെന്നും വ്യക്തമാക്കി.
കേരളത്തിൻ്റെ ഗവർണർ പദവി വഹിക്കുന്ന അദ്ദേഹം സദാസമയവും ഡൽഹിയിൽ തമ്പടിച്ചാണ് അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നതെന്നും യെച്ചൂരി പരിഹസിച്ചു.