പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ കൊലക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് വധഭീഷണി. നർക്കോട്ടിക് സെൽ ഡിവൈഎസ്പി എം. അനിൽകുമാറിനാണ് ഭീഷണി. നാട്ടിലേക്ക് ശവപ്പെട്ടിയിൽ പോകേണ്ടി വരുമെന്നാണ് വിദേശത്ത് നിന്നുള്ള ഭീഷണി സന്ദേശം. വിദേശത്ത് നിന്ന് ഇന്നലെ രാത്രി 9.30 ഓടെയാണ് ഫോണിൽ വിളിച്ച് ഭീഷണി മുഴക്കിയത്. പോപ്പുലർ ഫ്രണ്ടുകാരെ അറസ്റ്റ് ചെയ്തതിലാണ് ഭീഷണി.
അതേ സമയം ശ്രീനിവാസൻ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഗൂഢാലോചനയിൽ പങ്കെടുത്ത എട്ടാം പ്രതിയായ തൃത്താല സ്വദേശി അൻസാർ , പത്തൊൻപതാം പ്രതിയായ പട്ടാമ്പി സ്വദേശി അഷറഫ് എന്നിവരെയാണ് അന്വേഷണ സംഘം പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 34 ആയി.