ഭാരത് ജോഡോ യാത്രയുടെ വിഡിയോയിൽ കെജിഎഫ് 2 മ്യൂസിക് ഉപയോഗിച്ചതിൽ രാഹുൽ ഗാന്ധിക്കെതിരെ കേസ്. ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധി പൊതുജനങ്ങളുമായി സംസാരിക്കുന്നതും മറ്റും വിഡിയോ ആയി ചിത്രീകരിച്ച് കെജിഎഫ് 2 ലെ സുൽത്താൻ എന്ന ഗാനവും പിന്നണിയിലിട്ടാണ് കോൺഗ്രസ് പോജുകളിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്.
അനുമതിയില്ലാതെയാണ് ഗാനം ഉപയോഗിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. കർണാടകയിലെ യശ്വന്ത്പുർ പൊലീസാണ് പകർപ്പവകാശ നിയമപ്രകാരം രാഹുൻ ഗാന്ധി, ജയറാം രമേശ്, സുപ്രിയ ശ്രീനാഥെ എന്നിവർക്കെതിരെ കേസെടുത്തത്. എംആർടി മ്യൂസികിൻ്റെ പരാതിയിലാണ് കേസ്.
ദക്ഷിണേന്ത്യൻ സൂപ്പർ ഹിറ്റ് സിനിമയായി കെ.ജി.എഫിൻ്റെ രണ്ടാംഭാഗത്തിലെ ഹിന്ദി ഗാനങ്ങളുടെ പകർപ്പവകാശം ലഭിക്കാൻ കോടികളാണ് തങ്ങൾ ചെലവഴിച്ചതെന്ന് കമ്പനി പരാതിയിൽ ചൂണ്ടിക്കാണിച്ചു. നിയമവിരുദ്ധമായി ഡൗൺലോഡ് ചെയ്ത് ദൃശ്യങ്ങളുമായി കൂട്ടിച്ചേർത്ത്, ഗാനങ്ങൾ പാർട്ടിയുടേതാണെന്ന് തോന്നിക്കുന്ന രീതിയിലാണ് പ്രചരിപ്പിച്ചതെന്ന് എം.ആർ.ടി. മ്യൂസിക്കിൻ്റെ അഭിഭാഷകൻ പറഞ്ഞു. പ്രചരിപ്പിച്ച ദൃശ്യങ്ങളിൽ ഭാരത് ജോഡോ യാത്രയുടെ ലോഗോ ഉപയോഗിച്ചിട്ടുണ്ടെന്നും പാർട്ടിയുടെ ഔദ്യോഗിക സാമൂഹിക മാധ്യമങ്ങളിൽ അത് പ്രചരിപ്പിച്ചിട്ടുണ്ടെന്ന് കമ്പനി ചൂണ്ടിക്കാട്ടി.