തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ പ്രതികരണവുമായി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. കത്ത് വിവാദത്തിൽ ഒന്നും ഒളിച്ചുവെക്കാനില്ലെന്ന് ആനാവൂർ നാഗപ്പൻ പറഞ്ഞു. കത്ത് വിവാദം സിപിഎം അന്വേഷിക്കും. പുറത്തുവന്ന കത്ത് വ്യാജമാണോ അല്ലയോ എന്ന് അന്വേഷണത്തിൽ വ്യക്തമാകട്ടേ. എല്ലാ വശങ്ങളും അന്വേഷിക്കും.
അതേസമയം മേയർ ആര്യ രാജേന്ദ്രൻ്റെ പേരിൽ പുറത്തുവന്ന കത്ത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. തൻ്റെ പേരിൽ പ്രചരിക്കുന്ന കത്തിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താൻ സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് ഉത്തരവിട്ടു. തിരുവനന്തപുരം യൂണിറ്റ് എസ്.പി മധുസൂദനൻ മേൽനോട്ടം നൽകും. ഡിവൈഎസ്പി ജലീൽ തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥൻ.