ന്യൂഡൽഹി: സാമ്പത്തിക സംവരണം ശരിവച്ച് സുപ്രീംകോടതി. സുപ്രിം കോടതിയിൽ വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചിൽ മൂന്നു പേരും മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്കുള്ള സാമ്പത്തിക സംവരണം ഭരണഘടനാവിരുദ്ധമല്ലെന്ന് വിധിച്ചു. 10 ശതമാനം സംവരണമാവും മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് ലഭിക്കുക.
ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, എസ് രവീന്ദ്ര ഭട്ട്, ബേല എം ത്രിവേദി, ജെ ബി പാർദിവാല എന്നിവരാണ് അഞ്ചംഗ ബെഞ്ചിലുണ്ടായിരുന്നത്. ചീഫ് ജസ്റ്റിസും, ജസ്റ്റിസ് ജെ രവീന്ദ്ര ഭട്ടുമാണ് ബെഞ്ചിൽ ഭിന്നവിധി പ്രസ്താവിച്ചത്. മുന്നാക്കക്കാരിലെ ദരിദ്രർക്കുള്ള സംവരണം ഭരണഘടനാപരമാണ്, ഭരണഘടനയുടെ അന്തസത്തയെ ബാധിക്കില്ലെന്ന് കോടതി പറഞ്ഞു.
ചീഫ് ജസ്റ്റിസിനും ജസ്റ്റിസ് രവീന്ദ്ര ഭട്ടിനും ഒരു വ്യവസ്ഥയോട് വിയോജിപ്പ് പ്രകടിപ്പിച്ചു. നിലവിൽ സംവരണം കിട്ടുന്നവരെ ഒഴിവാക്കിയതിനോടാണ് ചീഫ് ജസ്റ്റിസും ജസ്റ്റിസ് രവീന്ദ്ര ഭട്ടും വിയോജിപ്പ് പ്രകടിപ്പിച്ചത്. സാമ്പത്തിക സംവരണത്തിനോട് വിയോജിപ്പില്ല, എന്നാൽ ചിലരെ പരിധിയിൽ നിന്ന് ഒഴിവാക്കിയത് അംഗീകരിക്കുന്നില്ലെന്ന് ജസ്റ്റിസ് ഭട്ട് അദ്ദേഹത്തിൻ്റെ വിധിയിൽ പറഞ്ഞു. സാമ്പത്തിക പിന്നാക്ക അവസ്ഥ മറികടക്കാനുള്ള അവസരം തുല്യമായി നൽകണമെന്നും ജസ്റ്റിസ് ഭട്ട് കൂട്ടിച്ചേർത്തു.