തിരുവന്തപുരം: കേന്ദ്ര ഭവന-നഗര കാര്യവകുപ്പ് ഏർപ്പെടുത്തിയ ഏറ്റവും മികച്ച പൊതുഗതാഗത സംവിധാനങ്ങൾക്കായുള്ള കേന്ദ്ര സർക്കാരിൻ്റെ പുരസ്കാരം കെഎസ്ആർടിസി ഏറ്റുവാങ്ങി. ഏറ്റവും മികച്ച പൊതുഗതാഗത സംവിധാനമുള്ള നഗരം എന്ന വിഭാഗത്തിൽ സിറ്റി സർക്കുലർ സർവീസിന് നഗര ഗതാഗത പുരസ്കാരവും ഏറ്റവും മികച്ച പൊതുജന പങ്കാളിത്തത്തോടെയുള്ള ഗതാഗത ആസൂത്രണ വിഭാഗത്തിൽ ഗ്രാമവണ്ടിക്ക് ഏറ്റവും മികച്ച നഗരഗതാഗത പുരസ്കാരവുമാണ് ലഭിച്ചത്.
ഇന്ന് കൊച്ചിയിൽ നടന്ന അർബൻ മൊബിലിറ്റി ഇന്ത്യയുടെ (UMI) കോൺഫെറെൻസിൽ കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്നും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിൻ്റെയും കെ.എസ്.ആര്.ടി.സി. മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകറിൻ്റെയും സാന്നിധ്യത്തില്‍ കെ.എസ്.ആര്.ടി.സി. എക്സിക്യൂട്ടീവ് ഡയറക്ടര്‍ (ഓപ്പറേഷന്) ജി. പി പ്രദീപ് കുമാറും, എ. താജുദ്ദീന് സാഹിബ് (സ്പെഷ്യല്‍ ഓഫീസര്‍ ഗ്രാമവണ്ടി), ജേക്കബ് സാം ലോപ്പസ് ( സിടിഎം സിറ്റി സര്‍വ്വീസ്) ടോണി അലക്സ് ( എടിഒ, ചീഫ് ഓഫീസ്)എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.
ഇന്ത്യയിലെ എല്ലാ നഗര പ്രദേശങ്ങളിലേയും പൊതു ഗതാഗതം ശക്തിപ്പെടുത്തുന്നതിനായി ആവിഷ്കരിച്ച പദ്ധതികളാണ് അവാർഡിന് പരിഗണിച്ചിരുന്നത്. തിരുവന്തപുരം നഗരത്തിലെ സിറ്റി സർവീസുകൾ സമഗ്രമായി പരിഷ്കരിക്കുകയും 66 ബസുകൾ ഉപയോഗിച്ച് രാവിലെ ഏഴു മണി മുതൽ വൈകുന്നേരം ഏഴു മണി വരെ സിറ്റി സർക്കുലർ സർവീസ് നടത്തുന്നുണ്ട്. ഇതിൻ്റെ ഭാഗമായി ഏകദേശം 4000 യാത്രക്കാരിൽ നിന്ന് 34000 യാത്രക്കാർ എന്ന നിലയിലേക്ക് സിറ്റി സർക്കുലർ സർവീസ് വളർന്നു. ഇതിന് അനുബന്ധം ആയി 150 ഓളം സിറ്റി ഷട്ടിൽ, സിറ്റി റേഡിയേൽ എന്നീ സർവീസുകളും തിരുവന്തപുരം നഗരത്തിൽ ഓടിച്ചത് വഴി നഗര ഗതാഗതത്തിന് പുതിയ മുഖം നൽകാനും കെഎസ്ആർടിസിക്ക് കഴിഞ്ഞു. പ്രതി മാസം 9 ലക്ഷം യാത്രക്കാർ ആണ് പുതിയതായി ഈ സംവിധാനത്തെ ആശ്രയിക്കുന്നത്.