കോഴിക്കോട്: മെസിക്കും നെയ്മർക്കും പിന്നാലെ പുള്ളാവൂരിൽ ചെറുപുഴയിൽ സ്ഥാനം പിടിച്ച് റൊണാൾഡോയും. മെസ്സിയുടേയും നെയ്മറുടേയും സമീപത്താണ് പോർച്ചുഗൽ ഫാൻസ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കൂറ്റൻ കട്ടൗട്ട് സ്ഥാപിച്ചത്. നേരത്തെ സ്ഥാപിച്ച മെസിയുടെയും നെയ്മറുടെയും കട്ടൗട്ടുകൾ നീക്കണമെന്ന ആവശ്യമുയർന്നതിനു പിന്നാലെയാണ് പോർച്ചുഗൽ ടീം ആരാധകർ ക്രിസ്റ്റ്യാനോയുടെ കട്ടൗട്ട് ഇന്ന് സന്ധ്യയോടെ സ്ഥാപിച്ചത്.
നേരത്തെ അർജന്റീന ആരാധകർ സൂപ്പർ താരം ലയണൽ മെസിയുടെ 30 അടി ഉയരത്തിലുള്ള കട്ടൗട്ട് സ്ഥാപിച്ചിരുന്നു. അതിനുപിന്നാലെ ബ്രസീൽ ആരാധകർ പുള്ളാവൂരിൽ പുഴയ്ക്ക് നടുവിൽ 40 അടി ഉയരത്തിൽ നെയ്മറുടെ കൂറ്റൻ കട്ടൗട്ട് സ്ഥാപിച്ച് ആവേശത്തിൻ്റെ വിസിൽ മുഴക്കിയിരുന്നു. നവംബർ 20നാണ് ഫുട്ബോൾ മാമാങ്കത്തിൻ്റെ കിക്കോഫ്. ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലാണ് ഉദ്ഘാടന മത്സരം.