തിരുവനന്തപുരം: വ്യാജക്കത്ത് വിവാദത്തിൽ പ്രതികരണവുമായി മേയർ ആര്യ രാജേന്ദ്രൻ. കത്തിൻ്റെ ഉറവിടം അന്വേഷിക്കണം. കത്ത് വ്യാജമാണോ എന്ന് കണ്ടെത്തേണ്ടത് അന്വേഷണത്തിലൂടെ ആണെന്നും മേയർ പ്രതികരിച്ചു. കത്ത് തയ്യാറാക്കുകയോ താൻ ഒപ്പിടുകയോ ചെയ്തിട്ടില്ല. കത്ത് ആരാണുണ്ടാക്കിയതെന്നും ഷെയർ ചെയ്തതെന്നും അന്വേഷിക്കണം. കത്തിൻ്റെ ഉറവിടം അന്വേഷിക്കണം. ലെറ്റർ പാഡ് വ്യാജമാണോയെന്നും അന്വേഷിക്കണം. നിയമനത്തിന് കത്ത് നൽകുന്ന രീതി സിപിഎമ്മിനില്ല. ഓഫീസ് ജീവനക്കാരെ സംശയിക്കുന്നില്ലെന്നും മേയർ പറഞ്ഞു. പ്രശ്നത്തിൻ്റെ ഗൗരവം കണക്കിലെടുത്താണ് ക്ലിഫ് ഹൗസിൽ നേരിട്ടെത്തി മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചതും ഓഫീസിലെത്തി പരാതി നൽകിയതും. അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പും നൽകിയെന്നും ആര്യ പറഞ്ഞു.
അങ്ങനെ ഒരു കത്ത് തയ്യാറാക്കുകയോ, അത്തരം ഒരു കത്തിൽ ഒപ്പിടുകയോ ചെയ്തിട്ടില്ല. വിവാദത്തിൻ്റെ അടിസ്ഥാനത്തിൽ സുതാര്യമായി ജനങ്ങളെ ബോധ്യപ്പെടുത്താനാണ് നിയമനം എംപ്ലോയ്മെന്റ് എക്സേഞ്ച് വഴി നടത്താൻ തീരുമാനിച്ചത്. മേയർ ആയി ചുമതയേറ്റടുത്തത് മുതൽ അപവാദ പ്രചരണങ്ങൾ ഒരു വിഭാഗം ആരംഭിച്ചതാണ്. അതിൻ്റെ തുടർച്ചയായാണ് ഇപ്പോഴും വ്യാപക പ്രചരണം തുടരുന്നതെന്നും മേയർ പറഞ്ഞു.
‘കത്തിൻ്റെ ഒറിജിനൽ കോപ്പി ആരും കണ്ടിട്ടില്ല. എഡിറ്റ് ചെയ്യപ്പെട്ട കോപ്പിയാണ് കണ്ടത്. കണ്ടന്റ് ഹൈലൈറ്റ് ചെയത കോപ്പിയാണ് എല്ലാവർക്കും കിട്ടിയത്. ഇക്കാര്യംഅന്വേഷിക്കേണ്ടത് എൻ്റെ കൂടി ആവശ്യമാണ്. സത്യപ്രതിജ്ഞ പാലിക്കേണ്ടയാളാണ്.’ മേയർ വ്യക്തമാക്കി.