അഗർത്തല: സ്വന്തം കുടുംബത്തിലെ മൂന്ന് പേരെയും അയൽവാസിയെയും കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ16കാരൻ പിടിയിൽ. ത്രിപുരയിലെ ധലായ് ജില്ലയിലാണ് സംഭവം. ഗ്രാമത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
“കമാൽപൂർ സബ്ഡിവിഷനിൽ താമസിക്കുന്ന കുട്ടി പതിവായി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി പ്രാഥമിക അന്വേഷണങ്ങൾ സൂചിപ്പിക്കുന്നു. ശനിയാഴ്ച രാവിലെ അച്ഛൻ ഇല്ലാതിരുന്ന സമയത്ത് അമ്മയെയും മുത്തച്ഛനെയും 10 വയസ്സുള്ള സഹോദരിയെയും അയൽവാസിയെയും കൊലപ്പെടുത്തിയ കുട്ടി ഇവരുടെ മൃതദേഹങ്ങൾ കിണറ്റിൽ ഉപേക്ഷിക്കുകയായിരുന്നു എന്നും, കുറ്റകൃത്യത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു.
കുട്ടിയുടെ പിതാവ് വീട്ടിൽ ഇല്ലായിരുന്നു. തിരികെവന്നപ്പോൾ എല്ലായിടത്തും രക്തം ചിതറിക്കിടക്കുന്നതായും മൃതദേഹങ്ങൾ വീടിനോട് ചേർന്നുള്ള കിണറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടു. തുടർന്ന് പിതാവ് മറ്റ് ആളുകളെ വിവരമറിയിക്കുകയും ഇവർ പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. കൊലയാളി നാലുപേരെയും കൊലപ്പെടുത്താൻ മൂർച്ചയുള്ള വസ്തു ഉപയോഗിച്ചതായി സൂചിപ്പിക്കുന്ന മുറിവുകൾ ശരീരങ്ങളിൽ ഉണ്ട്.