കേരളത്തിൽ തൊഴിലുറപ്പ് പദ്ധതിക്ക് അനുവദിച്ച ആറ് കോടി തൊഴിൽദിനത്തിൽ 4,77,44,000 ദിനങ്ങൾ വിജയകരമായി പൂർത്തിയാക്കി കേരളം. സാമ്പത്തികവർഷത്തിൻ്റെ ആദ്യ ഏഴു മാസംകൊണ്ടുതന്നെ 80 ശതമാനം തൊഴിൽദിനങ്ങളും പൂർത്തിയായി. ശേഷിക്കുന്ന അഞ്ചു മാസത്തേക്ക് 20 ശതമാനം മാത്രമാണ് അവശേഷിക്കുന്നത്. കൂടുതൽ തൊഴിൽദിനങ്ങൾ നേടുന്നതിന് കേന്ദ്ര സർക്കാരിൽ നിരന്തര ഇടപെടൽ നടത്തുന്നുണ്ടെന്ന് തദ്ദേശമന്ത്രി എം ബി രാജേഷ് പറഞ്ഞു. കഴിഞ്ഞ വർഷം 10,59,66,005 തൊഴിൽദിനം സാധ്യമാക്കിയ കേരളത്തിന് ഈ വർഷം 4.5 കോടി തൊഴിൽദിനം കുറച്ചാണ് അനുവദിച്ചത്. 2021 – 22 വർഷം 16,45,183 കുടുംബത്തിന് തൊഴിൽ ലഭിച്ചു. ഇതിൽ 5,12,823 കുടുംബത്തിന് 100 തൊഴിൽദിനവും കിട്ടി.
തൊഴിലുറപ്പ് പദ്ധതി സാമഗ്രികൾ ഉപയോഗിച്ചതിൻ്റെ (മെറ്റീരിയൽ കോമ്പണന്റ്) കുടിശ്ശിക ഇതുവരെ ലഭ്യമായിട്ടില്ല. കേന്ദ്രത്തിൻ്റെ സോഫ്റ്റ്വെയറായ പിഎഫ്എംഎസിൻ്റെ ഐഡി, വെൻഡേഴ്സിന് ലഭിക്കുന്നതിനുള്ള കാലതാമസമാണ് കാരണം. സോഷ്യൽ ഓഡിറ്റ് നടത്തിപ്പിനും കേന്ദ്രം പണം അനുവദിക്കുന്നില്ല. 19 കോടി രൂപ നൽകേണ്ട സ്ഥാനത്ത് കഴിഞ്ഞ വർഷം ആകെ അനുവദിച്ചത് 2.96 കോടി രൂപയാണ്.