കോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി എംഎൽഎയുടെ തെരഞ്ഞെടുപ്പ് ഫണ്ട് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രാഥമിക അന്വേഷണം തുടങ്ങി. ഫണ്ട് സംബന്ധിച്ച വിജിലൻസിൻ്റെ കണ്ടെത്തലുകളെ തുടർന്നാണ് അന്വേഷണം. വിജിലൻസ് തെരഞ്ഞെടുപ്പ് കമ്മീഷന് വിവരങ്ങൾ കൈമാറി. കെ എം ഷാജി തെരഞ്ഞെടുപ്പ് ഫണ്ട് സ്വീകരിച്ചത് നിയമാനുസൃതമല്ലെന്ന് വിജിലൻസ് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കെഎം ഷാജിയുടെ കണ്ണൂരിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ നാൽപ്പത്തിയേഴ് ലക്ഷത്തോളം രൂപയായിരുന്നു വിജിലൻസ് പിടിച്ചെടുത്തത്. വിജിലൻസ് കണ്ടെടുത്ത പണം തിരികെ വേണമെന്നാവശ്യപ്പെട്ട് കെ എം ഷാജി സമർപ്പിച്ച ഹർജി കോടതി തള്ളിയിരുന്നു.
വീട്ടിൽ സൂക്ഷിച്ചത് തെരഞ്ഞെടുപ്പ് ഫണ്ടാണെന്ന ഷാജിയുടെ വാദം വിജിലൻസ് കോടതി തള്ളി. 47,35,500 രൂപ കണക്കിൽ പെടാത്തതെന്നാണ് വിജിലൻസിൻ്റെ കണ്ടെത്തൽ. അതിനാൽ കെ എം ഷാജിയുടെ സ്വത്ത് കണ്ടുകെട്ടുന്നതിനായി സർക്കാർ ഉത്തരവിറക്കിയിരുന്നു. പത്തുലക്ഷം രൂപയാണ് 2022 മാർച്ച് 3ന് ഷാജി നികുതിയായി അടച്ചത്. വീട്ടിൽ നിന്നു വിജിലൻസ് പിടിച്ചെടുത്ത പണം തെരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു ഷാജിയും മുസ്ലീം ലീഗ് നേതൃത്വവും പറഞ്ഞിരുന്നത്. കെ എം ഷാജി കോടതിയിൽ ഹാജരാക്കിയ രേഖകളിൽ പലതും വിശ്വസനീയമല്ലെന്ന നിലപാടിലാണ് വിജിലൻസ്.