തിരുവനന്തപുരം: നഗരസഭാ ആരോഗ്യ വിഭാഗത്തിലെ താത്ക്കാലിക തസ്തികകളിലേക്ക് നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദത്തിൽ വിശദീകരണവുമായി തിരുവനന്തപുരം നഗരസഭ. മേയറുടെ ഔദ്യോഗിക ലെറ്റർപാഡിൽ ഇങ്ങനെയൊരു കത്ത് മേയർ എന്ന നിലയിലോ മേയറുടെ ഓഫീസിൽ നിന്നോ നൽകിയിട്ടില്ല. ഇത്തരത്തിൽ കത്ത് നൽകുന്ന പതിവും നിലവിലില്ലെന്നും നഗരസഭ വ്യകതമാക്കി. മേയർ സിപിഐ എം ജില്ലാ സെക്രട്ടറിക്ക് നിയമനം നടത്തുന്നതിനായി കത്ത് നൽകി എന്ന വാർത്തകളിലാണ് നഗരസഭയുടെ പ്രതികരണം. സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്നും നഗരസഭ അറിയിച്ചു.
മേയർ സ്ഥലത്ത് ഇല്ലാതിരുന്ന ദിവസമാണ് കത്ത് കൈമാറിയതായി കാണുന്നത്. വിശദമായ വിവരങ്ങൾ അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താനാകൂ. ഔദ്യോഗികമായി അത് നടന്ന് വരുകയാണ്. ഇത്തരത്തിൽ നഗരസഭയേയും മേയറേയും ഇകഴ്ത്തി കാട്ടാൻ ചിലർ നേരത്തേയും പല ശ്രമങ്ങളും നടത്തിയിരുന്നു. ആ ശ്രമമെല്ലാം പരാജയപെട്ടപ്പോഴാണ് ഇവർ പുതിയ തന്ത്രവുമായി രംഗത്ത് വരുന്നത്.
‘നഗരസഭയേയും മേയറേയും ഇകഴ്ത്തി കാട്ടാനുള്ള ശ്രമമാണ് ചിലർ നടത്തുന്നത്. ഇത്തരം ശ്രമങ്ങൾ നേരത്തേയും ഉണ്ടായിരുന്നു. ആക്ഷേപം ശ്രദ്ധയിൽപ്പെട്ടതോടെ ഈ തസ്തികകളിലേക്കുള്ള നിയമനം റദ്ദാക്കാനും തുടർന്ന് എംപ്ലോയ്മെന്റ് വഴി നിയമനം നടത്താനും നഗരസഭ തീരുമാനിച്ചു.’ എന്നും പത്രക്കുറിപ്പിലൂടെ നഗരസഭ വ്യക്തമാക്കി.