പാരീസ്: ഫ്രഞ്ച് പാർലമെന്റിൽ ആഫ്രിക്കൻ വംശജനായ അംഗത്തിനുനേരെ തീവ്രവലതുപക്ഷക്കാരനായ അംഗത്തിൻ്റെ ആക്രോശം. ഇടതുപക്ഷ പാർട്ടിയായ ഫ്രാൻസ് അൺബോവ്ഡിൻ്റെ കാർലോസ് മാർട്ടെൻസ് ബിലോങ്കോയോട് നാഷണൽ റാലി നേതാവ് ഗ്രിഗൊയർ ഡി ഫൊർണാസാണ് ‘നിങ്ങൾ ആഫ്രിക്കയിലേക്ക് തിരിച്ചുപോകൂ’ എന്ന് ആക്രോശിച്ചത്. കുടിയേറ്റവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെയായിരുന്നു സംഭവം. തുടർന്ന് സഭ താത്കാലികമായി നിർത്തിവച്ചു.
മധ്യധരണ്യാഴിയിൽനിന്ന് രക്ഷിച്ച അഭയാർഥികളെ സഹായിക്കാൻ മറ്റ് യൂറോപ്യൻരാജ്യങ്ങളുമായി ഫ്രാൻസ് സഹകരിക്കണമെന്ന് ബിലോങ്കോ ആവശ്യപ്പട്ടതാണ് ഫൊർണാസിനെ പ്രകോപിപ്പിച്ചത്. ഇയാളുടെ വംശീയവിദ്വേഷത്തിനെതിരേ വ്യാപക വിമർശനങ്ങളുണ്ടായി. ഫെർണാണ്ടസിനെ പാർലമെന്റിൽനിന്ന് 15 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു.