ഹൈദരാബാദ്: തെലങ്കാന സർക്കാരിനെ അട്ടിമറിക്കാൻ “ഓപ്പറേഷൻ താമര’ പദ്ധതിക്കായി എംഎൽഎമാരെ വിലയ്ക്കെടുക്കാൻ ശ്രമിച്ചതിൽ ബിഡിജെഎസ് നേതാവും എൻഡിഎ കേരള കൺവീനറുമായ തുഷാർ വെള്ളാപ്പള്ളിക്കെതിരെ കൂടുതൽ തെളിവ് പുറത്തുവിട്ട് ടിആർഎസ്. ടിആർഎസ് എംഎൽഎമാരുമായി തുഷാർ ഫോണിൽ സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്. തെക്കൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ബിജെപി ദേശീയ ജോയിന്റ് ജനറൽ സെക്രട്ടറി ബി എൽ സന്തോഷുമായി സംസാരിക്കാൻ അവസരമൊരുക്കാമെന്ന് എംഎൽഎമാർക്ക് തുഷാർ വാഗ്ദാനം ചെയ്യുന്ന വീഡിയോയാണ് പുറത്തുവന്നത്.
നേരത്തെ തെലങ്കാനയിൽ ഓപ്പറേഷൻ കമലിന് പിന്നിൽ തുഷാർ വെള്ളാപ്പള്ളിയാണെന്നും, കേസിൽ അറസ്റ്റിലായ ഏജന്റുമാർ പ്രവർത്തിച്ചത് തുഷാറിൻ്റെ നിർദേശ പ്രകാരമെന്നും കെ ചന്ദ്രശേഖർ റാവു കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു. നാല് എംഎൽഎമാരെ പണം നൽകി സ്വന്തമാക്കാനായിരുന്നു ബിജെപിയുടെ ശ്രമം. തുഷാർ വെള്ളാപ്പള്ളിയാണ് സംഭവത്തിന് പിന്നിലെ ഇടനിലക്കാരനെന്നും കെസിആർ തുറന്നടിച്ചു. എംഎൽഎമാർ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസെത്തി ഏജന്റുമാരായ നന്ദകുമാർ, സ്വാമി രാമചന്ദ്രഭാരതി, സിംഹയാജിഎന്നിവരെ പിടികൂടിയത്. ഇവരിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ പണവും പിടിച്ചെടുത്തു.
‘സർക്കാരിനെ അട്ടിമറിക്കാൻ തുഷാർ 100 കോടിയാണ് വാഗ്ദാനം ചെയ്തത്. ഇതിൻ്റെ തെളിവുകളുണ്ട്. സർക്കാരിനെ അട്ടിമറിക്കാനുളള നീക്കത്തിലെ പ്രധാന കണ്ണി തുഷാർ വെളളാപ്പളളിയാണ്. തുഷാർ അമിത് ഷായുടെ നോമിനിയാണ്. നാല് സർക്കാരുകളെ അട്ടിമറിക്കാനായിരുന്നു പദ്ധതി. തെലങ്കാന, ആന്ധ്ര പ്രദേശ്, ഡൽഹി, രാജസ്ഥാൻ സർക്കാരുകളെ വീഴ്ത്താനായിരുന്നു പദ്ധതി. ഇതുവരെ എട്ട് സർക്കാരുകളെ വീഴ്ത്തിയെന്ന് ഏജൻറുമാർ വെളിപ്പെടുന്ന വീഡിയോയും പുറത്തുവന്നു. എല്ലാ ഓപ്പറേഷനുകൾക്ക് പിന്നിലും ഒരേ ടീമാണ്. തുഷാറിൻ്റെ നിർദേശപ്രകാരമാണ് ഇവർ പ്രവർത്തിച്ചതെന്നും തെലങ്കാന മുഖ്യമന്ത്രി തുറന്നടിച്ചു.’