ഷിംല: സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വോട്ടർ ശ്യാം സരൺ നേഗി (106) അന്തരിച്ചു. ഹിമാചൽ പ്രദേശിലെ കിന്നൗർ സ്വദേശിയാണ് ഇദ്ദേഹം. ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ട് വഴി നേഗി വോട്ട് ചെയ്തിരുന്നു. നവംബർ രണ്ടിനാണ് അദ്ദേഹം പോസ്റ്റൽ വോട്ടുചെയ്തത്. 1917 ജൂലായ് ഒന്നിന് ജനിച്ച അദ്ദേഹം സ്കൂൾ അധ്യാപകനായിരുന്നു.
1951 ഒക്ടോബർ 15 ന് നടന്ന സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യ ഉപതെരഞ്ഞെടുപ്പിൽ ആദ്യം വോട്ട് രേഖപ്പെടുത്തിയത് നേഗിയായിരുന്നു. പിന്നീട് നടന്ന ഒരു തിരഞ്ഞെടുപ്പിൽപോലും അദ്ദേഹം വോട്ടുചെയ്യാതിരുന്നിട്ടില്ല. ആദ്യ തിരഞ്ഞെടുപ്പിൽ പോളിങ് നടന്നത് 1952 ഫെബ്രുവരിയിൽ ആയിരുന്നുവെങ്കിൽ ഹിമാചൽ പ്രദേശിൽ അഞ്ചു മാസം മുമ്പ് പോളിങ് നടന്നു. ഫെബ്രുവരിയോടെ മഞ്ഞുവീഴ്ച രൂക്ഷമാകുന്ന സാഹചര്യത്തിൽ വോട്ടർമാർക്ക് ബൂത്തുകളിലെത്താൻ കഴിഞ്ഞേക്കില്ലെന്ന് വിലയിരുത്തി ആയിരുന്നു ഇത്.
നേഗിയുടെ സംസ്കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്ന് കിന്നൗർ ജില്ലാ കളക്ടർ ആബിദ് ഹുസൈൻ പറഞ്ഞു.