തിരുവനന്തപുരം: നിയമവിദ്യാർഥിനിയെ താൻ പീഡിപ്പിച്ചതായി കെഎസ്യു നേതാവിൻ്റെ കുറ്റസമ്മതം. പീഡിപ്പിച്ച യുവതിയുടെ ബന്ധുവിനോട് ഫോണിൽ സംസാരിക്കവെയാണ് കെഎസ്യു നേതാവ് മുഹമ്മദ് ആഷിഖ് കുറ്റസമ്മതം നടത്തിയത്. വിവരങ്ങൾ അന്വേഷകസംഘത്തിന് കൈമാറി. യുവതിയുടെ സ്വർണാഭരണങ്ങളും ഇയാൾ കൈവശപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ തിരക്കാനാണ് ബന്ധു ഇയാളെ വിളിച്ചത്. സംസാരത്തിനിടെ നാലുതവണ താൻ യുവതിയെ പീഡിപ്പിച്ചതായും വിവാഹം കഴിക്കാമെന്നും ആഷിഖ് പറഞ്ഞു. ഇയാളുടെ അച്ഛനമ്മമാരും ഇതേ വാഗ്ദാനംനൽകി കേസിൽനിന്ന് പിന്മാറാൻ ആവശ്യപ്പെട്ടിരുന്നു.
നവംബർ ഒന്നാംതിയ്യതിയാണ് ലോ അക്കാദമിയിലെ കെഎസ്യു ഭാരവാഹിയായ മുഹമ്മദ് ആഷിക്കിനെതിരെ കെഎസ്യു പ്രവർത്തകയായ വിദ്യാർത്ഥിനി പേരൂർക്കട പോലീസിൽ പരാതി നൽകിയത്. 2022 ജൂൺ 14 -)0 തീയതി 9.30 ന് അടിയന്തര മീറ്റിങ്ങിൽ പങ്കെടുക്കാൻ വഴയിലയിലെ വീട്ടിലേക്ക് ക്ഷണിച്ച ആഷിക്ക് അവിടെ വച്ച് വസ്ത്രങ്ങൾ വലിച്ചുകീറി ബലാത്സംഗം ചെയ്തെന്നാണ് പരാതി. പീഡന ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തി സെപ്റ്റംബർ 16 വരെ പലതവണ തന്നെ പീഡിപ്പിച്ചു. പരാതി നൽകിയാൽ കൊല്ലുമെന്ന് ആഷിക്ക് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. അതേസമയം, കോൺഗ്രസ് എംഎൽഎയ്ക്കും തന്നെ കാഴ്ചവയ്ക്കാൻ ശ്രമിച്ചുവെന്ന യുവതിയുടെ വെളിപ്പെടുത്തലിനു പിന്നാലെ ആഷിഖിന് കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധങ്ങളും പുറത്തുവന്നിട്ടുണ്ട്. എംഎൽഎയുടെ താമസ സ്ഥലത്തേക്ക് പോകാൻ ആഷിക് തന്നെ നിർബന്ധിച്ചു. എംഎൽഎയെ കാണേണ്ട പോലെ കാണണമെന്നും പറഞ്ഞു. ഇത് നിഷേധിച്ചതോടെ ആഷിക്കിന് തന്നോട് വൈരാഗ്യമായെന്നും പെൺകുട്ടി മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ പറയുന്നു.