ഗാന്ധിനഗർ: ഗുജറാത്തിൽ ഇസുദൻ ഗാധ്വി ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകും. മുൻ മാധ്യമപ്രവർത്തകനാണ് ഇസുദാൻ ഗാധ്വി. മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാകണമെന്നാവശ്യപ്പെട്ട് എഎപി നടത്തിയ അഭിപ്രായ സർവേയിൽ ഇസുദൻ ഗദ്വി 73 ശതമാനം വോട്ടുകൾ നേടി. പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. നിലവിൽ പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയാണ് ഇസുദാൻ ഗദ്വി.
ദൂരദർശനിൽ മാധ്യമപ്രവർത്തനം തുടങ്ങിയ ഇസുദാൻ ഗാഥവി വിടിവി ഗുജറാത്തി ചാനലിൽ മഹാമൻദൻ എന്ന ഷോയിലൂടെ ശ്രദ്ധേയനാണ്. ടി വി റിപ്പോർട്ടറായിരിക്കെ നിരവധി അഴിമതികൾ പുറത്ത് കൊണ്ട് വന്നിരുന്നു. സംസ്ഥാന അധ്യക്ഷൻ ഗോപാൽ ഇതാലിയ, ജനറൽ സെക്രട്ടറി മനോജ് സൊറാത്തിയ എന്നിവരേയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും ഇസുദൻ ഗദ്വിക്ക് ആയിരുന്നു മുൻഗണന.
രണ്ട് ഘട്ടങ്ങളായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുക. ആദ്യ ഘട്ടം ഡിസംബർ ഒന്നിനും രണ്ടാം ഘട്ടം ഡിസംബർ അഞ്ചിനും നടക്കും. ആദ്യ ഘട്ടത്തിൽ 89 മണ്ഡലങ്ങളാണ് വിധിയെഴുതുക. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബർ അഞ്ചിന് 93 മണ്ഡലങ്ങൾ പോളിംഗ് ബൂത്തിലേക്കെത്തും. 182 മണ്ഡലങ്ങളുടെയും വോട്ടെണ്ണൽ ഒന്നിച്ച് ഡിസംബർ എട്ടിന് നടക്കും.