സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി ചുമതലയേറ്റെടുക്കാനെത്തിയ ഡോ. സിസ തോമസിനെ എസ്.എഫ്.ഐ പ്രവർത്തകരും ജീവനക്കാരും ചേർന്ന് തടഞ്ഞു. തുടർന്ന് പൊലീസിൻ്റെ സഹായത്തോടെയാണ് സിസ തോമസ് സാങ്കേതിക സർവകലാശാല വിസിയുടെ ഓഫീസിലെത്തിയത്. സർക്കാരിൻ്റെ ശുപാർശ തള്ളിക്കൊണ്ട് ഗവർണർ കഴിഞ്ഞദിവസം സിസയ്ക്ക് കെ.ടി.യു വൈസ് ചാൻസലറുടെ താൽക്കാലിക ചുമതല നൽകിയിരുന്നു.
സിസ തോമസ് ചാൻസലറായി ചുമതലയെടുക്കാനായി ക്യാമ്പസിലേക്ക് എത്തിയ സമയം മുതൽ വൻ പ്രതിഷേധം ഉണ്ടായിരുന്നു. പൊലീസ് സംരക്ഷണത്തിലാണ് സിസ കെടിയു ക്യാമ്പസിലേക്ക് എത്തിയത്. കാറിലെത്തിയ സിസ തോമസിനെ ഗേറ്റിൽ വെച്ച് ആദ്യം എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞു. പിന്നീട് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിലും സിസ തോമസിനെ തടയുകയായിരുന്നു.
അതേസമയം കെ.ടി.യു രജിസ്ട്രാർ സ്ഥലത്തില്ലാത്തതിനാൽ അവർക്ക് ജോയിനിങ് റിപ്പോർട്ടിൽ ഒപ്പുവെക്കാൻ കഴിഞ്ഞിട്ടില്ല. ചാൻസലറുടെ ഉത്തരവ് അനുസരിച്ച് ചുമതല ഏറ്റെടുത്തു. ജോയിനിംഗ് രജിസ്റ്റർ ലഭിക്കാതിരുന്നതോടെ വെള്ള പേപ്പറിൽ അപേക്ഷ എഴുതിയാണ് ചുമതല ഏറ്റെടുത്തത്.