മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജിക്ക് തിരിച്ചടി. വിജിലൻസ് പിടിച്ചെടുത്ത പണം തിരികെ വേണമെന്ന കെ എം ഷാജിയുടെ ആവശ്യം കോടതി തള്ളി. കോഴിക്കോട് വിജിലൻസ് കോടതിയുടേതാണ് വിധി. കണ്ണൂരിലെ വീട്ടില്‍ നിന്നും വിജിലന്‍സ് പിടിച്ചെടുത്ത 47,35,500 രൂപ തിരികെ വേണമെന്നായിരുന്നു ഷാജിയുടെ ആവശ്യം. പണം വിട്ട് നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന വിജിലന്‍സ് വാദം അംഗീകരിച്ചാണ് കോടതി ഉത്തരവ്. ഉത്തരവിനെതിരെ ഷാജി ഹൈക്കോടതിയിൽ അപ്പീൽ ഹർജി സമർപ്പിക്കും.
വിജിലൻസ് പിടിച്ചെടുത്ത പണം തെരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു കെ എം ഷാജിയുടെ വാദം. പിടിച്ചെടുത്ത പണം തെരഞ്ഞെടുപ്പ് ഫണ്ടാണെന്ന് തെളിയിക്കുന്നതിനായി കെ എം ഷാജി ഹാജരാക്കിയ രേഖകളില്‍ കോടതി കഴിഞ്ഞ ദിവസം സംശയം പ്രകടിപ്പിച്ചിരുന്നു. ഇരുപതിനായിരം രൂപയുടെ രസീതില്‍ പണം പിരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അനുമതിയുണ്ടോ എന്ന് കോടതി ചോദിച്ചു.
അഴീക്കോട് എംഎൽഎയായിരിക്കെ കെ എം ഷാജി അഴീക്കോട് സ്കൂളിൽ പ്ലസ് ടു അനുവദിക്കാൻ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിൽ 2018 ഏപ്രിലിലാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്. ഷാജി കോഴ വാങ്ങിയതായി ആദ്യം ആരോപണം ഉന്നയിച്ചത് മുൻ മുസ്ലിം ലീഗ് നേതാവാണ്.
കഴിഞ്ഞ ഏപ്രിലിൽ ഷാജിയുടെ ഭാര്യ ആശാഷാജിയുടെ 25 ലക്ഷത്തിൻ്റെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. കോഴിക്കോട് വേങ്ങേരിയിലെ വീടാണ് കണ്ടു കെട്ടിയിരുന്നത്. കോഴയായി ലഭിച്ച 25 ലക്ഷം രൂപ വീട് നിർമ്മാണത്തിന് ഉപയോഗിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. അഴീക്കോട് സ്കൂളിലെ ഒരു അധ്യാപകനെ സ്ഥിരപ്പെടുത്താനും ഷാജി കോഴ വാങ്ങിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു.
കെ എം ഷാജിക്ക് കുരുക്ക് മുറുകുന്നു; ഷാജിയുടെ വരുമാനം പരിശോധിക്കണമെന്ന് ഐടി വകുപ്പിനോട് വിജിലൻസ്