പീഡന കേസിൽ തിരുവനന്തപുരം ലോ അക്കാദമിയിലെ കെഎസ്യു നേതാവിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി പരാതിക്കാരി. ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി തന്നെ നിരന്തരം പീഡിപ്പിച്ചെന്ന് പരാതിക്കാരി മജിസ്ട്രേറ്റിന് മൊഴി നൽകി. തിരുവനന്തപുരം ലോ അക്കാദമിയിലെ കെഎസ്യു യൂണിറ്റ് ഭാരവാഹി ആഷിക്ക് മുഹമ്മദിനെതിരെയാണ് മൊഴി നൽകിയത്. പ്രതി തന്നെ ഒരു കോൺഗ്രസ് എംഎൽഎക്ക് കാഴ്ചവെക്കാൻ ശ്രമിച്ചെന്നും പരാതിക്കാരി പറഞ്ഞു.
എംഎൽഎയുടെ താമസ സ്ഥലത്തേക്ക് പോകാൻ ആഷിക് തന്നെ നിർബന്ധിച്ചു. എംഎൽഎയെ കാണേണ്ട പോലെ കാണണമെന്നും പറഞ്ഞു. ഇത് നിഷേധിച്ചതോടെ ആഷിക്കിന് തന്നോട് വൈരാഗ്യമായി. പീഡനം സഹിക്കാതെ വന്നപ്പോൾ താൻ ബന്ധുക്കളെ വിവരം അറിയിച്ചു. ബന്ധുക്കൾ ഇടപെട്ടതോടെ ആഷിക്കിന് തന്നോടുള്ള പക വർദ്ധിച്ചു. ഇതോടെ തന്നെയും കുടുംബത്തെയും തുലക്കുമെന്ന് ആഷിക്ക് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി മൊഴി നൽകി.
സംഭവത്തിൽ ആഷിക്കിനെതിരെ നടപടിയെടുക്കണമെന്നും കോളേജിൽ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ട് എസ്എഫ്ഐ സമരം ശക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ആഷിക്കിനെതിരെ കെഎസ്യു പ്രവർത്തക പേരൂർക്കട പോലീസിൽ പരാതി നൽകിയത്. 2022 ജൂൺ 14 -)0 തീയതി 9.30 ന് അടിയന്തര മീറ്റിങ്ങിൽ പങ്കെടുക്കാൻ വഴയിലയിലെ വീട്ടിലേക്ക് ക്ഷണിച്ച ആഷിക്ക് അവിടെ വച്ച് വസ്ത്രങ്ങൾ വലിച്ചുകീറി ബലാത്സംഗം ചെയ്തെന്നാണ് പരാതി. പീഡന ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തി സെപ്റ്റംബർ 16 വരെ പലതവണ തന്നെ പീഡിപ്പിച്ചു. പരാതി നൽകിയാൽ കൊല്ലുമെന്ന് ആഷിക്ക് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.